തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുക ആർഎസ്എസ് തന്നെ. ബിജെപിയുൾപ്പെടെ എല്ലാ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് ചേരുന്നത് ഏകോപനം ഉറപ്പു വരുത്താനാണ്. ആർ എസ് സർ സംഘ് ചാലക് അടക്കമുള്ള ദേശീയ നേതാക്കൾ ആഴ്ചകൾക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്നു. അവരുടെ നിർദ്ദേശ പ്രകാരമാണ് യോഗം. ആർ എസ് എസുമായി ചേർന്നു നിൽക്കുന്നവരെയെല്ലാം അടുപ്പിച്ച് നിർത്തിയാകും യോഗങ്ങൾ.

ആർഎസ്എസ് അഖിലഭാരതീയ ഭാരവാഹി സഹസർകാര്യവാഹ് സി.ആർ.മുകുന്ദും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും പിന്നീട് ആർഎസ്എസ് ദേശീയ നേതൃത്വത്തിലേക്കു പ്രവർത്തനം മാറിയ റാംമാധവുമാണ് പങ്കെടുക്കുന്നത്. റാംമാധവിന് കേരളത്തിലെ സാഹചര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ആർഎസ്എസ് കാര്യകാരി സമിതി അംഗം കൂടിയായ റാംമാധവ് കേരളത്തിലെ പ്രചരണത്തിൽ സജീവ ഇടപെടലും നടത്തും. മികച്ച ഏകോപനം ഉറപ്പാക്കും. ഇതിന് വേണ്ടിയാണ് ഉന്നത തലയോഗം.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് തന്ത്രങ്ങളൊരുക്കുകയാണ് ഉന്നതതല യോഗത്തിന്റെ പദ്ധതി. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിലെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കും. ബിജെപി, ബിഎംഎസ്, യുവമോർച്ച, എബിവിപി തുടങ്ങി 33 സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധികളെയാണ് വാർഷിക സമന്വയ യോഗത്തിലേക്കു ആർഎസ്എസ് വിളിച്ചിട്ടുള്ളത്.

ബിജെപിയിൽനിന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരാണ് പങ്കെടുക്കുന്നത്. ഇതിൽ സുഭാഷ് ആർഎസ്എസ് പ്രചാരകൻ കൂടിയാണ്. അടുത്ത കാലത്താണ് ഗണേശിനെ മാറ്റി സുഭാഷിനെ ബിജെപിയുടെ താക്കോൽ സ്ഥാനത്ത് ആർഎസ്എസ് നിയോഗിച്ചത്. സുഭാഷിന്റെ പ്രവർത്തനങ്ങളിൽ ഏവർക്കും മതിപ്പുണ്ട്. എല്ലാവരേയും യോജിപ്പിച്ചു കൊണ്ടു പോകാനാണ് സുഭാഷിന്റെ ശ്രമം.

ഓരോ സംഘപരിവാർ പ്രസ്ഥാനവും വരുന്ന വർഷത്തെ പ്രവർത്തന ലക്ഷ്യം റിപ്പോർട്ടായി അവതരിപ്പിക്കുകയും അതിൽ ആർഎസ്എസ് നേതൃത്വം നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പ്രവർത്തന രീതി നിശ്ചയിക്കുന്നതുമാണ് സമന്വയ യോഗത്തിൽ പതിവ്. ബിജെപി മുമ്പോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളും യോഗം പരിഗണിക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും.

2025 ൽ 100 വർഷം തികയുന്ന ആർഎസ്എസ് അതുവരെ ഓരോ സംഘടനയും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇതെല്ലാം ചർച്ചകളുടെ ഭാഗമാകും. തൃശൂരും തിരുവനന്തപുരത്തും ലോക്‌സഭയിൽ ബിജെപിക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് ആർ എസ് എസും വിലയിരുത്തുന്നത്. തൃശൂരിൽ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇതും ആർ എസ് എസാണ് നിയന്ത്രിക്കുന്നത്. സുരേഷ് ഗോപിയുടെ ജനസമ്മതി മുന്നിൽ നിർത്തിയാണ് തൃശൂരിലെ പ്രചരണം.