- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്?
ഇടുക്കി: പത്മജയിലൂടെ കോൺഗ്രസിന് തിരിച്ചടി നൽകിയതിന് പിന്നാലെ ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനിലൂടെ സി പി എമ്മിനേയും ഞെട്ടിക്കാൻ ബിജെപിയുടെ നീക്കം. മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനുള്ള ശ്രമങ്ങൾ ബിജെപി കാര്യമായ തുടങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ നേതാക്കൾ തന്നെ വീട്ടിലെത്തി കണ്ട് ചർച്ച നടത്തിയതായി എസ് രാജേന്ദ്രൻ തന്നെ സ്ഥിരീകരിച്ചു.
എസ് രാജേന്ദ്രനെ തിരികെ പാർട്ടിയിലെത്തിക്കാൻ സി പി എം ശ്രമം നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കൾ ചർച്ച നടത്തുന്നത്. തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് രാജേന്ദ്രൻ നിരവധി തവണ സംസ്ഥാന നേതാക്കളെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കോൺഗ്രസിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ഉണ്ടായെങ്കിലും ഈ വാർത്ത അദ്ദേഹം തള്ളുകയായിരുന്നു.
എന്നാൽ ഇപ്പോൾ എല്ലാ പാർട്ടികളും തന്നോട് ചർച്ച നടത്തുന്നുണ്ടെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. പികെ കൃഷ്ണണദാസ് അടക്കമുള്ള കേരളത്തിലെ നേതാക്കളും ബിജെപിയുടെ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ദേശീയനേതാവും വീട്ടിലെത്തി ചർച്ച നടത്തിയെന്നും മുൻ ദേവികുളം എംഎൽഎ പറയുന്നു. പക്ഷെ ബിജെപിയിലേക്ക് പോകാനുള്ള തീരുമാനം എടുത്തിട്ടില്ല. ചർച്ച നടന്നകാര്യം ജനുവരിയിൽ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. പോകരുതെന്ന നിർദ്ദേശം അദ്ദേഹം തന്നുവെങ്കിലും അതിന് ശേഷം ഇന്നുവരെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നോ ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. സിപിഎമ്മുമായി എനിക്ക് ശത്രുതാ മനോഭാവം എനിക്കില്ല. ഞാൻ ഇതുവരെ മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. ചില ബിജെപി നേതാക്കൾ ബന്ധപ്പെട്ടിരുന്നു. അതുപോലെ മറ്റ് പല പാർട്ടിയിലേയും നേതാക്കൾ വന്ന് കണ്ട് സംസാരിച്ചിരുന്നു. ആ ചർച്ചകളൊന്നും തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
പാർട്ടിക്ക് വേണ്ടി വളരെ അധികം കഷ്ടപ്പെട്ട ഒരു നേതാവാണ് ഞാൻ. മൈക്കിൽ കൂടി പ്രസംഗിച്ച് നേതാവായ ഒരു വ്യക്തി ഈ പാർട്ടിയുടെ മറവിൽ നിന്ന് വ്യക്തിപരമായി തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എന്നും തോൽക്കാൻ മനസ്സുണ്ടാകില്ല. പാർട്ടിയുടെ മുന്നിൽ ആയിരംവട്ടം തോൽക്കാം. പക്ഷെ ഒരു വ്യക്തിയുടെ മുന്നിൽ തോൽക്കില്ല. നിലവിൽ വേറെ ഒരു പാർട്ടിയിലേക്കും പോയിട്ടില്ല. ഞാൻ പാർട്ടിയിൽ വീണ്ടും പ്രവർത്തിക്കണമെന്നാണ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല. ഇതിനിടെ എംഎം മണി ഉൾപ്പെടേയുള്ളവർ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.
കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ് രാജേന്ദ്രൻ ഇത്തവണയും ദേവികുളത്ത് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത് ലഭിക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി വന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരായ ആരോപണം. എന്നാൽ രാജക്കെതിരായി താൻ ഒരു ബൂത്തിൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാൻ മത്സരിക്കുമ്പോൾ മറയൂർ പഞ്ചായത്തിൽ 1300 വോട്ട് പുറകിലാണ്. രാജ 800 വോട്ടിന് മാത്രമാണ് പിന്നിലായതെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ വാദം.
നിയസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് എസ്. രാജേന്ദ്രനെ സിപിഎം പുറത്താക്കിയത്. 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും പാർട്ടി അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിട്ടില്ല. അതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാജേന്ദ്രനെ സിപിഎമ്മിൽ തിരികെ എത്തിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് എസ്. രാജേന്ദ്രൻ ദേവികുളത്ത് നിന്ന് സിപിഎം ടിക്കറ്റിൽ വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ രാജേന്ദ്രനെ മാറ്റി എ. രാജയെ സിപിഎം മത്സരിപ്പിക്കുകയായിരുന്നു. സ്ഥാനാർത്ഥിയാക്കാത്തതിൽ രാജേന്ദ്രൻ അതൃപ്തനായിരുന്നു.