കൊച്ചി: ബിജെപിയിലേക്ക് പോകുന്നുവെന്ന വിശദീകരണവുമായി വീണ്ടും എസ് രാജേന്ദ്രൻ. സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ചേരുന്നുവെന്ന അഭ്യൂഹം ഏറെ നാളായി നിലനിൽക്കുന്നു. ഇപ്പോൾ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് ഇല്ലെന്ന വ്യക്തത വരുത്തുകയാണ് എസ് രാജേന്ദ്രൻ. ഏതായാലും ഉടൻ ബിജെപിയിലേക്ക് രാജേന്ദ്രൻ ചേരില്ലെന്നാണ് സൂചന.

പ്രകാശ് ജാവദേക്കറെ കണ്ടത് സൗഹൃദസന്ദർശനം. മുമ്പേ ജാവദേക്കറുമായി സൗഹൃദമുണ്ട്, ബിജെപി പ്രവേശം ചർച്ച ചെയ്തില്ല, ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം തന്നെയാണെന്നും സ്ഥിരീകരിച്ച് എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു, എന്നാൽ പോകുന്നില്ല, സിപിഎമ്മിനൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനമെന്നും എസ് രാജേന്ദ്രൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ ജാവദേക്കറുമായുള്ള ചർച്ചയിൽ രാജേന്ദ്രൻ രണ്ട് വ്യത്യസ്ത തിയറികൾ മുമ്പോട്ട് വയ്ക്കുന്നു. അതിലൊന്ന് സഹോദരന് വേണ്ടി കണ്ടുവെന്നാണ്. മറ്റൊന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടിയാണെന്നും. രാഷ്ട്രീയമൊന്നും ചർച്ച ചെയ്തില്ലെന്ന് ജാവദേക്കറും പറയുന്നു. ഈ വിശദീകരണത്തിൽ സിപിഎമ്മും തൃപ്തരാണ്. അതുകൊണ്ട് തന്നെ രാജേന്ദ്രന് സിപിഎമ്മുമായി സഹകരണം തുടരാം.

ഡൽഹിയിൽ പോയതും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും സത്യമാണ്. ജാവദേക്കറുമായി വ്യക്തിപരമായി പണ്ടുമുതലേ ബന്ധമുണ്ട്. ബന്ധുവിന്റെ വിവാഹക്ഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ പ്രതിപാദിച്ചത്. ഞാൻ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് രാജേന്ദ്രൻ പറയുന്നു.

പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇപ്പോൾ പാർട്ടിയിൽ അത്ര സജീവമല്ലെന്നും എസ് രാജേന്ദ്രൻ പറയുന്നുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ഇദ്ദേഹത്തെ തിരിച്ച് പാർട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തിൽ ഇടുക്കിയിൽ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇടുക്കിയിൽ ഇടത് തന്നെ ജയിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, താൻ സിപിഎമ്മിൽ തന്നെ തുടരുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽനിന്ന് ഇന്നലെ രാത്രി 11.30ന് തിരിച്ചെത്തിയ അദ്ദേഹം നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മൂന്നാറിൽ സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസം വേദിയിൽ അപമാനം നേരിട്ടതിനാലാണ് രാജേന്ദ്രന്റെ മനംമാറ്റമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

2 വർഷമായി സിപിഎം പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു രാജേന്ദ്രൻ. സിപിഎം നേതാക്കളായ കെ.കെ.ജയചന്ദ്രൻ, എം.എം.മണി, സി.വി.വർവർഗീസ് എന്നിവരുമായി നടന്ന ചർച്ചയെത്തുടർന്നാണ് 17ന് പഴയ മൂന്നാറിൽ എൽഡിഎഫ് കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തത്. എന്നാൽ രാജേന്ദ്രന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഇതു തന്നെ അപമാനിച്ചതിന് തുല്യമാണെന്ന് രാജേന്ദ്രൻ അനുയായികളോടു പറഞ്ഞിരുന്നു.

എസ്.രാജേന്ദ്രന്റെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉത്കണ്ഠയില്ലെന്ന് സിപിഎമ്മും അറിയിച്ചു. വ്യക്തികേന്ദ്രീകൃതമായ പാർട്ടിയല്ല സിപിഎം. ഊഹാപോഹങ്ങൾക്കു പിന്നാലെ പോകേണ്ട ആവശ്യം പാർട്ടിക്കില്ല. ഒരാളുടെയും സമ്മർദങ്ങൾക്കു വഴങ്ങില്ല. രാജേന്ദ്രനുമായി സംസാരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അറിയിച്ചു.