- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് എസ്.രാജേന്ദ്രൻ
മൂന്നാർ: താൻ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബിജെപിയിൽ പോകുമെന്നല്ല അതിനർഥമെന്നും അദ്ദേഹം പറഞ്ഞു .ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്കു പിന്നാലെയാണ് വിശദീകരണം.
"സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടു. ഞാൻ അനുഭവിച്ച മാനസിക വിഷമത്തിന്റെ ഭാഗമായാണു മെമ്പർഷിപ്പ് പുതുക്കണ്ടെന്ന തീരുമാനം. ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് മെമ്പർഷിപ്പ് പുതുക്കാത്തത്" എസ്.രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൽ താൻ തുടരരുതെന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശി ആഗ്രഹിക്കുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. ഇതിനായി പാർട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. ഇതറിഞ്ഞതോടെ സിപിഎം നേതാക്കളും രംഗത്തിറങ്ങി.
കഴിഞ്ഞ ജനുവരി 24നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും ഫെബ്രുവരി 9നു ജില്ലാ സെക്രട്ടറി സി.വി.വർഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തത്. മൂന്നു തവണ എംഎൽഎയായിരുന്നു രാജേന്ദ്രൻ. 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും ചില നേതാക്കളുമായുള്ള കടുത്ത ഭിന്നത കാരണം രാജേന്ദ്രൻ പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല.
രണ്ടു വർഷമായി പാർട്ടിയിൽനിന്നു മാറിനിൽക്കുന്ന രാജേന്ദ്രൻ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണം ശക്തമായി നിൽക്കുന്നതിനിടെ എസ്.രാജേന്ദ്രന് പാർട്ടി അംഗത്വം പുതുക്കാനായി നേതാക്കൾ അപേക്ഷാ ഫോം വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു. സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ലക്ഷ്മണൻ, ആർ.ഈശ്വരൻ എന്നിവരാണു ശനിയാഴ്ച വൈകിട്ടു രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തി ഫോം നൽകിയത്. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ ഫോമുമായി വീട്ടിലെത്തിയത്.