ന്യൂഡൽഹി: സിപിഎമ്മിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയും ഫലിച്ചില്ല. പാർട്ടി വിടില്ലെന്ന പ്രചാരണം തെറ്റിച്ച് കൊണ്ട് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. 20 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ഡൽഹിയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവർ ചർച്ച നടത്തുന്നുണ്ട്.

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം രാജേന്ദ്രൻ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തിരുന്നു. ദേവികുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് എസ്. രാജേന്ദ്രൻ പങ്കെടുത്തത്.

നേരത്തെ, ജില്ല നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്ന എസ്. രാജേന്ദ്രൻ, സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ വീട്ടിലെത്തി അംഗത്വ ഫോം നൽകിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാർത്ഥി എ. രാജക്കെതിരെ പ്രവർത്തിച്ചു എന്ന പേരിൽ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നു.
സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്.

ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. പാർട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കിൽ ചില നിബന്ധനകൾ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു. പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ നിബന്ധനകളിൽ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല

ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് രാജേന്ദ്രൻ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവൻഷനിൽ പങ്കെടുത്തത്. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു