കൊച്ചി: ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ചതിനുപിന്നിൽ സിപിഎമ്മും കുന്നത്തുനാട് എംഎ‍ൽഎ. ശ്രീനിജനുമാണെന്ന് സാബു എം. ജേക്കബ്. ഇത് തികച്ചും രാഷ്ട്രീയ പകപോക്കലാണ്. ഈ ഹീനമായ പ്രവൃത്തികൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവിടുത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളാണെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനുതന്നെ മാതൃകയായി കിഴക്കമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റും അതിനോടനുബന്ധിച്ചു പ്രവർത്തനമാരംഭിച്ച മെഡിക്കൽ സ്റ്റോറും പൂട്ടണമെന്നായിരുന്നു സിപിഎംകാർ നൽകിയ പരാതി. കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.

യുദ്ധഭൂമിയിൽപോലും മരുന്നുകളുടെ വിതരണം ആരും മുടക്കാറില്ല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപ്രശ്‌നങ്ങളാണ് മരുന്നും ഭക്ഷണവും. അവപോലും തടഞ്ഞ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം ധാർഷ്ട്യത്തിനും ക്രൂരതയ്ക്കും ജനങ്ങൾ തന്നെ മറുപടി നൽകട്ടെയെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.