- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും; ആറ്റം ബോംബ് കൈയിലുണ്ട്; ഇത് സ്വപ്‌നയുടെ കൈയിൽ ഇരിക്കുന്ന ബോംബ് അല്ല, സാബു ജേക്കബിന്റെ കൈയിൽ ഇരിക്കുന്ന ബോംബാണ്; തന്നെ സംഘിയും കമ്മിയും ആക്കുന്നത് ജനപിന്തുണ കണ്ട് ഭയന്ന്: വെല്ലുവിളിച്ച് സാബു എം ജേക്കബ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെല്ലുവിളിച്ച് ട്വന്റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ്. തന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ അകത്താക്കുമെന്ന് സാബു എം ജേക്കബ്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വപ്‌നയുടെ കയ്യിൽ ഇരിക്കുന്ന ബോംബ് അല്ല, സാബു ജേക്കബിന്റെ കൈയിൽ ഇരിക്കുന്ന ബോംബ് ആണെന്നും സാബു ജേക്കബ് പറഞ്ഞു.
ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ്. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങേണ്ട അവസ്ഥയാണ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാതത്തലത്തിൽ കൂടിയായിരുന്നു സാബുവിന്റെ വെല്ലുവിളി. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കും എന്നാണ് സാബു വെല്ലുവിളിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്റെ വെല്ലുവിളി. മുഖ്യമന്ത്രിയും കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും സാബു പറഞ്ഞു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ടെന്നായിരുന്നു സാബു ജേക്കബ് പറഞ്ഞ്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.
അതേസമയം സാബു ജേക്കബ് എറണാകുളത്ത് സ്ഥാനാർത്ഥിയാകുമെന്ന വിധത്തിൽ ഉണ്ടായ പ്രചരണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിക്കാരൻ സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവൻ അല്ല സാബു ജേക്കബ്ബ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുരേന്ദ്രനേ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ലെല്ലെന്നും സാബു പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സിപിഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സിപിഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജനപിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.
അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല താൻ നിലകൊള്ളുന്നതെന്നും സാബു പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ചാർളി പോളാണ് ട്വന്റി20ക്കായി ജനവിധി തേടുക.
തങ്ങൾക്കു സ്വാധീനമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചാലക്കുടിയിലും നഗരമണ്ഡലമായഎറണാകുളത്തും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 ഒരുങ്ങിയത് കോൺഗ്രസും സിപിഎമ്മിനും ഒരുപോലെ വെല്ലുവിളിയാണ്.
ചാലക്കുടി മണ്ഡലത്തിലെ ഏഴിൽ നാലുനിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലാണ്. കുന്നത്തുനാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്വാധീനവും അങ്കമാലി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സാന്നിധ്യവും ട്വന്റി20യ്ക്ക് തെരഞ്ഞെടുപ്പിൽ അവിടെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചാലക്കുടിയിലും അങ്കമാലിയിലുമെല്ലാം പഞ്ചായത്തുതലത്തിൽ പാർട്ടി സംഗമങ്ങൾ കഴിഞ്ഞ മാസങ്ങളിൽ നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ