കൊച്ചി: പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികൾക്ക് 80% ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ നൽകിക്കൊണ്ടിരുന്ന ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ചത് സിപിഎമ്മിന്റെ ജനദ്രോഹ നിലപടുമൂലമാണെന്ന് ട്വന്റി20 അധ്യക്ഷൻ സാബു ജേക്കബ് പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്നത് പതിവാക്കിയ സിപിഎമ്മിന് ഉടൻ തന്നെ ജനങ്ങളോട് കണക്കുബോധിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതു വൃത്തികെട്ട രാഷ്ട്രീയക്കളിക്കും മടിക്കാത്ത സിപിഎം സാധാരണക്കാരുടെ ജീവന് പുല്ലുവിലപോലും നൽകിയിട്ടില്ല. ജീവൻ രക്ഷാമരുന്നുകളുടെ വിതരണവും വില്പനയും നിയന്ത്രിക്കുന്ന മാഫിയകളെയും കൊള്ളക്കാരെയും സഹായിക്കാനാണ് സമാനതകളില്ലാത്ത പദ്ധതിയായ ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ചത്. പാവപ്പെട്ടവരെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് മെഡിക്കൽ സ്റ്റോർ പൂട്ടിക്കാൻ കാണിച്ച ഉത്സാഹം സർക്കാർ തലത്തിലെങ്കിലും സമാനപദ്ധതി തുടങ്ങാൻ സിപിഎം കാണിക്കുമോയെന്നും സാബു എം. ജേക്കബ് ചോദിച്ചു.

അനേകായിരങ്ങൾ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച ഏറ്റവും ഹീനമായ രാഷ്ട്രീയപകപോക്കലിനെ തങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും ഈ പ്രശ്നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഈ കിരാതനടപടിയിൽ പ്രതിഷേധിച്ചു മാർച്ച് 27 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് എല്ലാ സ്ഥലങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.