- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റ്; ഗാന്ധി കുടുംബത്തിന്റെ പൂർണ പിന്തുണ; നിയമസഭാ കക്ഷി യോഗം വൈകിട്ട്; വിയോജിച്ച് ഗെലോട്ട് പക്ഷം; രണ്ട് വർഷം മുമ്പ് ബിജെപിക്കൊപ്പം നിന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ലെന്ന് വിമർശനം
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി അശോക് ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാവ് സി.പി.ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പൂർണ പിന്തുണ സച്ചിൻ പൈലറ്റിനാണ്. 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.
രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്നു വൈകിട്ട് ഏഴിന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ജയ്പുരിൽ ഗെലോട്ടിന്റെ വസതിയിലാണ് യോഗം ചേരുക. നിരീക്ഷകനായി മല്ലികാർജുൻ ഖർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുക്കും.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും.
അതേ സമയം ഗെലോട്ട് പക്ഷത്തെ എംഎൽ എമാരുടെ യോഗത്തിൽ സച്ചിൻ പൈലറ്റിനെതിരെ കടുത്ത വിമർശനമുയർന്നു. രണ്ട് വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.ഇതോടെ ഇന്ന് വൈകിട്ട് ചേരുന്ന യോഗം നിർണായകമായി.
ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബർ 20ന് യോഗം ചേർന്നിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ തന്റെ പിൻഗാമിയെ സോണിയാ ഗാന്ധിയും അജയ് മാക്കനും തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. ഇതിനിടെയാണ് വൈകിട്ട് 7ന് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്.
സ്പീക്കർ സി.പി.ജോഷിയുമായും എംഎൽഎമാരുമായും സച്ചിൻ കൂടിക്കാഴ്ച നടത്തും. എന്നാൽ, നേരത്തേ സച്ചിൻ ക്യാംപിലായിരുന്ന സി.പി.ജോഷിയെ മുന്നിൽ നിർത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങൾ നടത്തുന്നത്. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും. എംഎൽഎ ശാന്തി ധരിവാൾ, പിസിസി അധ്യക്ഷൻ ഗോവിന്ദ് ദോതസര എന്നീ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ