കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാല സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണകകാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായമാകുന്നുവെന്ന് സാദിഖലി തങ്ങൾ ലീഗ് മുഖപത്രമായ ചന്ദ്രികക്ക് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

ഇടതില്ലെങ്കിൽ മുസ്‌ലിംകൾ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാൻ സിപിഎം ശ്രമിച്ചു. ഇതിന് സിപിഎമ്മിന് വലിയ പ്രഹരം കിട്ടിയെന്നും സിപിഎം വിതക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും സാദിഖലി തങ്ങൾ വിമർശിച്ചു.

മതനിരാസത്തിലൂന്നിയ കമ്യൂണിസത്തെ മതങ്ങളുടെ വർണക്കടലാസിൽ പൊതിഞ്ഞാണ് സിപിഎം കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നത്. ഇരുതല മൂർച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സിപിഎം. തിരഞ്ഞെടുക്കന്നത്. ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോൾ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ പുറത്തെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരംശൈലിയാണ്.

കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണമാണ്. സിപിഎം. കേരളത്തിൽ നടത്തുന്ന മുസ്‌ലിം വിരുദ്ധപ്രചാരണങ്ങൾ ബിജെപിക്ക് സഹായമായി. ഏകസിവിൽ കോഡ്, സവർണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സിപിഎമ്മാണ്. കേരളത്തിൽ സച്ചാർ സമിതി റിപ്പോർട്ട് അട്ടിമറിച്ചതും മുസ് ലിം സംവരണം വെട്ടിക്കുറച്ചതും സിപിഎം സർക്കാരുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസ് മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിച്ചു.

ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയിൽ സിപിഎം ശ്രമിച്ചത്. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമാണ് മുസ്‌ലിം ലീഗ്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ മതനിരാസ അടിത്തറയുള്ള കമ്യൂണിസ്റ്റുകൾക്ക് സമസ്തയെ ശിഥിലമാക്കാൻ മോഹമുണ്ടാവാം. ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സിപിഎമ്മുകാർ ഇനുയുമേറെ പഠിക്കാനുണ്ട്.

ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹനസാമീപ്യവുമാണ്. സ്നേഹപൊയ്കയിൽ വിഷം കലക്കുന്നവർക്ക് വൈകാതെ വാളെടുത്തവൻ വാളാൽ എന്ന അവസ്ഥയുണ്ടാകുമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.