ചെങ്ങന്നൂർ: സർക്കാരിനും മുഖ്യമന്ത്രിക്കും അസൂയക്കാർ കൂടുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ വണ്ടിയിടിച്ചു മരിക്കുമെന്നും ബോംബ് വച്ച് കൊല്ലുമെന്നുമെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ്. നടക്കാതെ പോകുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയെടുക്കുക എന്ന നിശ്ചയദാർഢ്യം ഈ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. അതുകൊണ്ടാണ് അസൂയക്കാരുടെ എണ്ണം കൂടുന്നത്. 78 വയസ്സുള്ള മുഖ്യമന്ത്രി തങ്ങളേക്കാൾ ആരോഗ്യവാനായാണ് 37 ദിവസം കേരളത്തിൽ പര്യടനം നടത്തിയതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

''നടക്കാതെ പോകുന്ന ഒട്ടേറെ പ്രവൃത്തികൾ നടത്തിയെടുക്കുക എന്നത് കേരള ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാർഢ്യമാണ്. അതുകൊണ്ട് അസൂയക്കാരുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. ഭയങ്കര അസൂയയാണ്. ചിലരു പറയുന്നത് അദ്ദേഹം വണ്ടിയിടിച്ചു മരിക്കും എന്നാണ്. ചിലരു പറയുന്നത് അദ്ദേഹത്തെ ബോംബ് വച്ച് പൊട്ടിക്കുമെന്നും. എന്തെല്ലാമാണ് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളമൊഴിച്ചു പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു...

''എത്ര മറിയക്കുട്ടിമാരെയാണ് നമ്മുടെ നാട്ടിൽ ഇതിനായി ആളുകൾ റെഡിയാക്കിക്കൊണ്ടിരിക്കുന്നത്. അവരെയെല്ലാം ഉപയോഗപ്പെടുത്തുകയാണ്. ഞാൻ ആരെയും കുറ്റം പറയുകയല്ല. ഒന്നും നമുക്കു പറയാൻ പാടില്ലാത്ത കാലമായതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഒരു കാര്യം നാം ഓർക്കണം. 78 വയസ്സുള്ള കേരളത്തിന്റെ മുഖ്യമന്ത്രി ഞങ്ങളേക്കാൾ ആരോഗ്യവാനായിട്ടാണ് കഴിഞ്ഞ 37 ദിവസം കേരളം മൊത്തം പര്യടനം നടത്തിയത്.'' സജി ചെറിയാൻ പറഞ്ഞു.