- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അങ്ങേക്ക് ഇനിയും എത്രസമയം വേണം? സ്പീക്കറുടെ അഭാവത്തിൽ നിയമസഭ നിയന്ത്രിച്ച യു. പ്രതിഭ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്രസംഗം ചുരുക്കാതെ സജി ചെറിയാൻ; ആലപ്പുഴയിലെ സീനിയോറിട്ടി സഭയിൽ ചർച്ചയാക്കി സജി ചെറിയാൻ
തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം നിയമസഭയിലും. ആലപ്പുഴയിൽ ജി സുധാകരൻ അപ്രസക്തനായതോടെ എല്ലാം ചെങ്ങന്നൂരിലെ എംഎൽഎ സജി ചെറിയാന്റെ കൈയിലാണ്. പാർട്ടിയിൽ സജി ചെറിയാന്റെ ശത്രു പക്ഷത്താണ് യു പ്രതിഭ എന്നതും ആർക്കും അറിയാം. പ്രതിഭയെ പാർട്ടിയിൽ വെട്ടിയൊതുക്കിയതും സജി ചെറിയാന്റെ കൂടെ നേതൃത്വത്തിലാണ്. മുമ്പ് സുധാകരന്റെ വിശ്വസ്തനായിരുന്നു സജി ചെറിയാൻ. അന്ന് മുതൽ പ്രതിഭയും സജി ചെറിയാനും സിപിഎമ്മിലെ വിരുദ്ധ ചേരിയിലാണ്. ഇത് നിയമസഭയിലും പ്രതിഫലിക്കുകയാണ്.
സ്പീക്കറുടെ അഭാവത്തിൽ നിയമസഭ നിയന്ത്രിച്ച യു. പ്രതിഭ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്രസംഗം ചുരുക്കാതെ സജി ചെറിയാൻ പ്രസംഗം തുടർന്നു. സാധാരണ ചെയറിലുള്ളവർ പറഞ്ഞാൽ ഭരണപക്ഷ അംഗങ്ങൾ കേൾക്കും. അതാണ് പതിവ്. എന്നാൽ ഇവിടെ സജി ചെറിയാൻ പ്രതിഭയെ അനുസരിച്ചില്ല. ഗവർണറെ സർവകലാശാലകളുടെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയിലാണ് അവരുടെതന്നെ പാർട്ടിയിലെ മുതിർന്നനേതാവ് സജി ചെറിയാൻ പ്രതിഭയുടെ നിർദ്ദേശത്തെ അവഗണിച്ചത്.
ബില്ലിന്റെ ചർച്ചയിൽ സാധാരണമായി സ്പീക്കർ സമയം ചുരുക്കാൻ ആവശ്യപ്പെടാറില്ല. എന്നാൽ, ഒരുദിവസം നാലുബില്ലുകൾ പരിഗണിക്കുന്നതിനാലും കൂടുതൽപേർ സംസാരിക്കാനുള്ളതുകൊണ്ടുമാണ് പ്രസംഗം ചുരുക്കാൻ പ്രതിഭ ആവശ്യപ്പെട്ടത്. പ്രസംഗം പന്ത്രണ്ടാംമിനിറ്റിലേക്ക് കടന്നപ്പോഴാണ് പ്രതിഭ ഇടപെട്ടത്: ''അങ്ങേക്ക് ഇനിയും എത്രസമയം വേണം?''. സജി ചെറിയാൻ: ''പാർട്ടിയിൽനിന്ന് ഇനി സംസാരിക്കാൻ ഞാനും കൂടിയേയുള്ളൂ. മുമ്പ് സംസാരിച്ച കെ.കെ. ശൈലജ എടുത്ത 23 മിനിറ്റ് എനിക്കും വേണം. ബില്ലിന്മേലുള്ള ചർച്ചയിൽ നിയന്ത്രിക്കാൻ പാടില്ല''.-ഇതായിരുന്നു സജി ചെറിയാന്റെ മറുപടി.
പ്രതിഭ: ''ടീച്ചർക്ക് 20 മിനിറ്റ് അനുവദിക്കേണ്ടിവന്നത് അവരാദ്യം സംസാരിച്ചതുകൊണ്ടാണ്. അത്രയും അനുവദിക്കാനാവില്ല. ബഹുമാനപ്പെട്ട അംഗം പ്രസംഗം ചുരുക്കണം''. പ്രതിഭ പലവട്ടം ഇതാവശ്യപ്പെട്ടെങ്കിലും കെ.കെ. ശൈലജ 23 മിനിറ്റെടുത്തെന്നും അത്രയുംസമയം താനും സംസാരിക്കുമെന്നായിരുന്നു സജി ചെറിയാന്റെ വാദം. പലരുടെയും ഇടപെടലുകൾക്ക് വഴങ്ങി സമയം നീട്ടുകയുംചെയ്തു. 25 മിനിറ്റ് കഴിഞ്ഞാണ് പ്രസംഗം നിർത്തിയത്. ഇതാരും മാതൃകയാക്കരുതെന്നും സമയം പാലിച്ചില്ലെങ്കിൽ നടപടികൾ പൂർത്തിയാക്കാനാകില്ലെന്നും പ്രതിഭ പറഞ്ഞു.
പിന്നീട് സീറ്റിലേക്ക് മടങ്ങിയ പ്രതിഭ, സജി ചെറിയാനോട് സൗഹൃദസംഭാഷണം നടത്തുകയുംചെയ്തു. ഈ സമ്മേളനത്തിൽ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ മൂന്നു വനിതാ അംഗങ്ങളെയാണ് സഭ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ