- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി സുധാകരനെ തള്ളി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: എം ടി വാസുദേവൻ നായർ ഉയർത്തി സർക്കാർ വിരുദ്ധ വിമർശനം കേരളം മുഴുവൻ ചർച്ച ചെയ്തതാണ്. ഈ വിഷയം വഷളാകുമെന്ന ഘട്ടത്തിലാണ് സിപിഎം വിഷയത്തിൽ പരസ്യപ്രതികരണം നടത്താതാ തണുപ്പിക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം നേതാക്കളൊന്നും വിഷയത്തിൽ പ്രതികരിച്ചതുമില്ല. ആ ഘട്ടത്തിലാണ് ഇന്ന് ജി സുധാകരൻ എം ടിയെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നത്. അടുത്തകാലത്തായി സിപിഎം നേതൃത്വവുമായി അത്രയ്ക്ക് സുഖത്തിലല്ലാത്ത സുധാകരന്റെ പരാമർശങ്ങൾ സിപിഎം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
കെട്ടടങ്ങിയ വിഷയം ജി സുധാകരന്റെ പരാമർശത്തോടെ വീണ്ടും ഉയർന്നുവന്നുവെന്നാണ് സിപിഎം കേന്ദ്രങ്ങളിലെ പൊതുവികാരം. എംടിയെ വിമർശിച്ചാൽ അത് ക്ഷീണമാകുമെന്ന് കണ്ടാണ് പാർട്ടി വിമർശനങ്ങൾ വേണ്ടെന്നും മൗനം പാലിക്കാനും തീരുമാനിച്ചത്. എംടിയുടെ വിമർശനങ്ങൾ ഉൾക്കൊണ്ടായിരുന്നു നല്ലൊരു ശതമാനം ഇടതു അനുഭാവികളുടെ പ്രതികരണവും.
ഇപ്പോൾ എംടിയെ വിമർശിച്ച് ജി സുധാകരനെ സജി ചെറിയാനെ പോലുള്ളവർ തള്ളിക്കളയുകയും ചെയ്യുന്നു. എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു. ഒന്നും വിവാദമക്കേണ്ട കാര്യമില്ലെന്നും ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
നേരത്തെ സമരവും ഭരണവും എന്തെന്ന് എം ടി പഠിപ്പിക്കാൻ വരേണ്ട എന്നാണ് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ പറഞ്ഞത്. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. എം ടി യെ ചാരി ചില സാഹിത്യകാരന്മാർ ഷോ കാണിക്കുകയാണ്. ചിലർക്ക് നേരിയ ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന തള്ളിയാണ് സജി ചെറിയാൻ ഇപ്പോൾ രംഗത്തെത്തിയത്.'എംടി വാസുദേവൻ നായർ ഷോ കാണിക്കുകയാണ്. പറയുന്നതിൽ ആത്മാർത്ഥതയില്ല.
എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ? ഭരണംകൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർത്ഥം. അത് മാർക്സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ച് പഠിക്കണം.' - സുധാകരൻ പറഞ്ഞു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിലാണ് എം ടി വിമർശനം ഉന്നയിച്ചു രംഗത്തുവന്നത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എംടിയുടെ വിമർശനം. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും മുഖ്യമന്ത്രിയെ സാക്ഷിയാക്കി എംടി പറഞ്ഞിരുന്നു.