കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പ്രതിസന്ധി. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പിൽ രാജിവെച്ചിട്ടുണ്ട്.

കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോൻസ് ജോസഫിന്റെ ധാർഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാർട്ടിയിൽ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഫ്രാൻസിസ് ജോർജിനെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മോൻസ് ജോസഫ് ഇടപെട്ട് മാറ്റിനിർത്തുകയായിരുന്നു. സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കുന്ന വേളയിൽ മോൻസ് ജോസഫ് ഇടപെട്ട് പാർട്ടി ജില്ലാ പ്രസിഡന്റായ തന്നെ ഒഴിവാക്കുകയും മറ്റാളുകളെ പകരം കയറ്റുകയും ചെയ്തുവെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും തന്നെ മാറ്റിനിർത്തുന്നതിനെതിരെ പിജെ ജോസഫിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കോട്ടയം ലോക്സഭ സീറ്റിൽ മത്സരിക്കാൻ സജി മഞ്ഞക്കടമ്പിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിജെ ജോസഫ് ഇടപെട്ട് സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കുകയായിരുന്നു.