കോട്ടയം: രാജിവെച്ച യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം നടക്കില്ല. ഇനി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് ഇല്ലെന്ന് മഞ്ഞകടമ്പിൽ വ്യക്തമാക്കി. എന്നാൽ ഒരു പാർട്ടിയിലും പോകില്ലെന്ന നിലപാട്. തന്നെ പ്രകീർത്തിച്ച ജോസ് കെ മാണിയോടെ നന്ദിയുണ്ടെന്ന നിലപാടിലാണ് മഞ്ഞകടമ്പിൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് മഞ്ഞകടമ്പിൽ തിരിച്ചു പോകാനുള്ള സാധ്യത ഏറെയാണ്. മോൻസ് ജോസഫ് നേതൃത്വം നൽകുന്ന യുഡിഎഫുമായി സഹകരിക്കില്ലെന്നാണ് മഞ്ഞകടമ്പിലിന്റെ നിലപാട്.

മഞ്ഞകടമ്പലിന്റെ നീക്കം ജയസാധ്യത കൂട്ടുമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. യുഡിഫിനായി കോട്ടയത്ത് ജോസഫ് പക്ഷത്തെ ഫ്രാൻസിസ് ജോർജ്ജാണ് സ്ഥാനാർത്ഥി. മഞ്ഞകടമ്പിലും സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നു. ഇടതിനായി കേരളാ കോൺഗ്രസ് മാണിയുടെ സിറ്റിങ് എംപി തോമസ് ചാഴിക്കാടനും. അതിശക്തമാണ് പോരാട്ടം. അതുകൊണ്ട് തന്നെ യുഡിഎഫ് ജില്ലാ ചെയർമാന്റെ രാജി ഇടതുപക്ഷം പ്രതീക്ഷയോടെയാണ് കാണുന്നത്.

കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കരിച്ചിട്ടില്ല. മുതിർന്ന കേരള കോൺഗ്രസ് നേതാവിന് യുഡിഎഫ് ചെയർമാന്റെ താൽക്കാലിക ചുമതല നൽകി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നേതൃതലത്തിൽ ധാരണയായത് ഈ സാഹചര്യത്തിലാണ്. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിച്ചത്. സജിയെ വേണ്ടെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും.

മുന്നണിയുടെ ജില്ലാ ചെയർമാന്റെ രാജിയിൽ നടുങ്ങിപ്പോയ കോൺഗ്രസ് പ്രശ്‌നം തീർക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത് . പി ജെ ജോസഫിനോട് ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് മാറി. ഇടതു മുന്നണിയിലേക്ക് സജി മാറുമെന്നാണ് അഭ്യൂഹം. അതിനടെ ബിജെപിയും സജിയെ നോട്ടമിടുന്നു. ഇത് മനസ്സിലാക്കിയാണ് യുഡിഎഫ് സജിക്ക് പകരക്കാരനെ കണ്ടെത്തിയത്.

ഉച്ചയ്ക്കു ശേഷം ചേർന്ന യുഡിഎഫ് നേതൃയോഗം തുടർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആലോചിച്ചു. സജിയുടെ രാജി തിരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും ആശയവിനിമയം നടക്കുന്നുണ്ടന്നും യോഗ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യുഡിഎഫിന്റെ പൊളിറ്റിക്കൽ ക്യാപ്റ്റനാണ് സജിയെന്ന ജോസ് കെ മാണിയുടെ പ്രശംസ സജി മാണി ഗ്രൂപ്പിൽ പോയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയെ അഭിമാനത്തോടെ കാണുന്നുവെന്നാണ് സജിയുടെ വിശദീകരണവും.

അതേ സമയം തുടർ നീക്കങ്ങളെ പറ്റി പരസ്യമായി പ്രതികരിക്കാൻ സജി ഇനിയും തയാറായിട്ടില്ല. സജിയെയും ഒപ്പമുള്ളവരെയും സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള നീക്കം മാണി ഗ്രൂപ്പ് ശക്തമാക്കിയിട്ടുമുണ്ട്. ഒരു കാലത്ത് കെ എം മാണിയുടെ വിശ്വസ്തനായിരുന്നു സജി. പിന്നീട് ജോസഫുമായി അടുത്തു. മാണിയുടെ മരണ ശേഷം ജോസ് കെ മാണിയുമായി മഞ്ഞകടമ്പിൽ ഒരുമിച്ച് പോയില്ലെന്നതാണ് വസ്തുത. അങ്ങനെയാണ് കേരളാ കോൺഗ്രസ് ജോസഫിന്റെ ജില്ലാ അധ്യക്ഷനായതും യുഡിഎഫ് ചെയർമാനായി മാറിയതും.

മോൻസ് ജോസഫുള്ള യുഡിഎഫിലേക്ക് തിരിച്ചു പോയാൽ ദുരന്തമാകുമെന്നും തൽകാലം ഒരു പാർട്ടിയിലേക്കും ഇല്ലെന്നാണ് സജി പരസ്യമായി പറയുന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സജി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന.