- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎയിൽ ചേരും. സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു. മുന്നണികളിൽ നിന്ന് നേരത്തേ തന്നെ ക്ഷണം ലഭിച്ചിരുന്നതായി സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നാണ് സജി നേരത്തേ പ്രതികരിച്ചിരുന്നത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും അന്ന് സജി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു.
പറഞ്ഞ് പരിഹരിക്കാമായിരുന്ന പ്രശ്നം ജോസഫ് ഗ്രൂപ്പ് വഷളാക്കിയെന്നാണ് കോൺഗ്രസ് വിമർശിച്ചത്. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തി. ഇക്കാര്യത്തിലെ അതൃപ്തി പിജെ ജോസഫിനെ കോൺഗ്രസ് അറിയിക്കുകയും ചെയ്തു. മുന്നണിയുടെ വിജയസാദ്ധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.
തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ മുന്നണിയുടെ ജില്ലാ ചെയർമാന്റെ രാജിയിൽ നടുങ്ങിപ്പോയ കോൺഗ്രസ് പ്രശ്നം തീർക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത്.
പി ജെ ജോസഫിനോട് ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് പിന്മാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു.
സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം.
ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവ് കൂടിയായിരുന്നു സജി. കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ സജി മഞ്ഞക്കടമ്പിൽ ആഗ്രഹിച്ചിരുന്നു. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.പിന്നീട് പിജെ ജോസഫ് ഇടപെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു.