- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയിലെ തർക്കം നേതൃ മാറ്റമാകുമോ?
കോഴിക്കോട്: സമസ്തയിലെ പ്രതിസന്ധിക്ക് തെളിവായി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകളും. സംഘടനയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കുകയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ജാമിഅ നൂരിയ്യ വാർഷിക സമ്മേളന സമാപന വേദിയിലായിരുന്നു പ്രതികരണം. അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റിയിട്ട് പറ്റിയ ആളുകളെ നിയമിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വേദിയിൽ ഇരിക്കവെയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സമസ്തയിൽ മുസ്ലിങ് അനുകൂലികളും മറ്റുള്ളവരും എന്ന തരത്തിൽ ചേരിയുണ്ടെന്ന് ആക്ഷേപം ശക്തമായിരുന്നു. സമസ്തയെ ഒരുകൂട്ടർ സിപിഎമ്മുമായി അടുപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതെല്ലാം വലിയ ഭിന്നതയിലേക്ക് കാര്യങ്ങളെത്തുന്ന സ്ഥിതി വന്നു. അതുകൊണ്ട് കൂടിയാണ് തങ്ങൾ അതിശക്തമായ നിലപാട് പരസ്യമായി പറയുന്നത്. അതിനിടെ സമാവയത്തിന്റെ സൂചനകൾ ഈ യോഗത്തിൽ തന്നെ മുസ്ലിം ലീഗ് അധ്യക്ഷനും നൽകി.
സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ല. സമസ്ത മഹത്തായ പ്രസ്ഥാനമാണ്. അതിനു വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ആരും ചെയ്യരുത്. സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനമെന്നും ഈ സംഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം. പരസ്പരം കലഹമുണ്ടാക്കാതെ ഒരുമിച്ച് നിൽക്കണം. സമസ്ത രൂപീകരിച്ച കാലം മുതൽ സ്വീകരിച്ചുപോരുന്ന സമീപനത്തിന് ആരുടെ ഭാഗത്തുനിന്നും തടസ്സമുണ്ടാകരുത്. കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ അത് നിയന്ത്രിക്കാനാവില്ല. വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പലതും എഴുതിവിടുന്നവർ ഭിന്നതയ്ക്ക് ശ്രമിക്കരുത്. സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാവും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സംഘടനയിൽ തർക്കങ്ങൾ ഉണ്ടാക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നു. തർക്കം തുടങ്ങിയാൽ അടിച്ചമർത്താൻ പ്രയാസം ഉണ്ടാകും. വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്നാണ് മുമ്പോട്ട് വയ്ക്കുന്നത്. അതേസമയം ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുതെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. സമുദായത്തിന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണം. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുകയാണ്. നമുക്കെതിരായ അജണ്ടകൾ തിരിച്ചറിയണം. എന്ത് പ്രലോഭനം ഉണ്ടായാലും സംഘബലം ഇല്ലാതാക്കരുതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് സമസ്ത മുമ്പ് എന്നും നിന്നിരുന്നത്. എന്നാൽ പിണറായി സർക്കാരിന്റെ നീക്കങ്ങളോട് പലപ്പോഴും ഇപ്പോൾ സമസ്ത ചേർന്നു നിൽക്കുന്ന്. ഇതിൽ മുസ്ലിം ലീഗിലെ വലിയൊരു വിഭാഗം അതൃപ്തരാണ്. ഈ അതൃപ്തിയാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകളും ശരിവയ്ക്കുന്നത്.ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുതെന്ന് സാദിഖലി തങ്ങൾ ഓർമിപ്പിക്കുന്നതും ഇടതുപക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെയുള്ള കരുതലാണ്.
ഇനിയുള്ള യോഗങ്ങളിൽ സമസ്ത എന്ത് തീരുമാനം എടുക്കുമെന്നതാണ് നിർണ്ണായകം. ഏതായാലും ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റാനുള്ള ശ്രമമൊന്നും ലീഗ് നടത്തില്ലെന്നാണ് പുറത്തു വരുന്ന സൂചന.