- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്? അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ക്ഷണം സ്വീകരിച്ച കോൺഗ്രസിനെതിരെ സമസ്ത മുഖപത്രം; യെച്ചൂരിയെ പോലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാൻ കോൺഗ്രസിന് ആകുമോയെന്ന് സുപ്രഭാതത്തിന്റെ ചോദ്യം
കോഴിക്കോട്: രാമക്ഷേത്രം ഉദ്ഘാടനം വഴി ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് വൻ പ്രതിസന്ധിയിൽ. കോൺഗ്രസ് എംപിമാരിൽ പകുതിയോളം പേർ കേരളത്തിൽ നിന്നായിരിക്കവേ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം കോൺഗ്രസ് നിരസാക്കാതിരുന്നത് വൻ തിരിച്ചടിയാകുമെന്ന ആശങ്ക ശക്താണ്. ഇതിനിടെ കോൺഗ്രസിന് മുന്നറിയിപ്പു നൽകി സമസ്ത രംഗത്തുവന്നു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് കോൺഗ്രസിനെ സമസ്ത മുന്നറിയിപ്പു നൽകുന്നത്.
അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനത്തിലെ ക്ഷണം സ്വീകരിച്ച കോൺഗ്രസ് നടപടിയെയാണ് സമസ്ത വിമർശിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതത്തിൽ 'പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. ജനുവരി 22ന് നടക്കുന്ന ചടങ്ങിനുള്ള ക്ഷണം നിരസിക്കാൻ ഇടതു നേതാക്കൾ കാണിച്ച ആർജ്ജവമാണ് കോൺഗ്രസിന് വേണ്ടതെന്നും പത്രം പറയുന്നു. യെച്ചൂരിയും സിപിഎമ്മും ഇക്കാര്യത്തിൽ കാണിച്ച കരുതൽ എടുത്തു പറഞ്ഞു കൊണ്ടാണ് സമസ്തയുടെ വിമർശനം.
സംഘപരിവാറിന്റെ ഹിന്ദുത്വയെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന മണ്ടത്തരത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് മുഖപ്രസംഗം എടുത്തുപറയുന്നു. അയോധ്യയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ചടങ്ങ്, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ലിറ്റ്മസ് പരീക്ഷണമാണെന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തിരിച്ചറിവാണ് കോൺഗ്രസിനും ഉണ്ടാകേണ്ടത്. അതുണ്ടായില്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്ന ലക്ഷക്കണക്കിന് ദളിത് -ന്യൂനപക്ഷങ്ങൾ ബദലുകൾ തേടുമെന്ന മുന്നറിയിപ്പും പത്രം നൽകുന്നു.
'തകർക്കപ്പെട്ട ഇന്ത്യൻ മതേതരത്വത്തിന്റെ മുകളിലാണ് രാമക്ഷേത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. 'മറ്റൊരാളിന്റെ വിശ്വാസമിനാരങ്ങൾ കായബലത്തിന്റെയും അധികാരഹുങ്കിന്റെയും ബലത്തിൽ തച്ചുടച്ച് തങ്ങളുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ അനീതി മാത്രമേ അവിടെ പുലരുകയുള്ളു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഇത്തരം നീതികേടുകൾക്കു നടുവിലൂടെയാണ് സംഘ്പരിവാർ ശക്തികൾ ഇക്കാലമത്രയും അവരുടെ തേരുതെളിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനവും ആ അനീതിയുടെ തേർവാഴ്ച തന്നെ' മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ഉൾപ്പടെ കോൺഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനത്തെയും രൂക്ഷഭാഷയിൽ സുപ്രഭാതം കുറ്റപ്പെടുത്തുന്നുണ്ട്. ഈ നിലപാട് തുടർന്നാൽ 36 വർഷം ഇന്ത്യ ഭരിച്ച പാർട്ടി, ചരിത്ര പുസ്തകങ്ങളിലെ ചവറ് മാത്രമായി മാറും. ഹിന്ദുത്വം കൊണ്ട് രക്ഷപ്പെടാമെന്നത് കോൺഗ്രസിന്റെ മൂഢത്വമാണ്. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും സീതാറാം യെച്ചൂരിയുമെല്ലാം രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്നതിനാൽ കോൺഗ്രസ് ഇപ്പോഴും ഒട്ടകപക്ഷിയെ പോലെ തല മണ്ണിൽ പൂഴ്‌ത്തി കഴിയുകയാണെന്നാണ് സുപ്രഭാതം ആക്ഷേപിക്കുന്നത്.
ബിജെപിയുടെ കെണിയിൽ വീഴാതെ മതേതര സഖ്യങ്ങൾ കൂടെനിർത്തുന്ന രാഷ്ട്രീയ വിവേകമാണ് കോൺഗ്രസ് കാണിക്കേണ്ടതെന്നും സുപ്രഭാതം പറയുന്നു. അതല്ലെങ്കിൽ 2024ലും ബിജെപിതന്നെ ഭരണത്തിൽ കയറുമെന്നും സമസ്ത മുഖപത്രം ഓർമിപ്പിക്കുന്നു.
നേരത്തെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചിരുന്നു. ഇതോടെ കേരളത്തിലെ രാഷ്ട്രീയവിഷയമായി രാമക്ഷേത്രവും മാറാനുള്ള അവസരം ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാമക്ഷേത്രം തുറക്കുക. ഇത് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ദേശീയ രാഷ്ട്രീത്തിലെ പ്രധാന പാർട്ടിയെന്ന നിലയിൽ ഹിന്ദി ബെൽറ്റിലെ ജനവികാരം കണക്കിലെടുത്ത് കോൺഗ്രസ് ക്ഷണം സ്വീകരിച്ചു കഴിഞ്ഞു. സോണിയ ഗാന്ധിക്കും ഖാർഗെയ്ക്കും അടക്കം ക്ഷണം ലഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ അടങ്ങിയ പ്രതിനിധി സംഘത്തെ അയക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാക്കൾ രാമക്ഷേത്രത്തിൽ പങ്കെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിനാണ് തിരിച്ചടിയാകുക.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കൂട്ടത്തോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാറുണ്ട്. കാലങ്ങളായി കാണുന്ന പ്രവണതയാണ് ഇത്. എന്നാൽ, രാമക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുകയും സിപിഎം നേതാക്കൾ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് ഇവിടെ ഗുണം ചെയ്യുക സിപിഎമ്മിന് തന്നെയാകും. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺ്ഗ്ര്സ് പങ്കെടുത്തത് ചൂണ്ടിക്കാട്ടി സിപിഎം പ്രചരണം നടത്തുമെന്നത് ഉറപ്പാണ്. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണമാകാനും ഇടയാക്കിയേക്കും.
2024 ജനുവരി 22നാണു പ്രതിഷ്ഠാ ചടങ്ങ്. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണു നേതാക്കളെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. കേരളത്തിൽനിന്നു നടൻ മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ട്. ഇവരിൽ മോഹൻലാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.വിവിധ മേഖലകളിലെ പ്രശസ്തർക്കാണു ചടങ്ങിലേക്കു ക്ഷണം. സിനിമാ രംഗത്തുനിന്ന് അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, റിഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ , വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.
മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനെയും ക്ഷണിച്ചിട്ടുണ്ട്. എച്ച്.ഡി. ദേവഗൗഡ, രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീൽ, ഡി. രാജ, അരവിന്ദ് കെജ്രിവാൾ, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെയും ക്ഷണിക്കുമെന്നാണ് വിവരം. ഉദ്ഘാടനച്ചടങ്ങിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്. സർസംഘചാലക് ഡോ. മോഹൻ ഭഗവത്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിനെത്തുന്ന എണ്ണായിരംപേരെ അഭിസംബോധനചെയ്യും.




