തിരുവനന്തപുരം: അയാധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെ മോദി സർക്കാർ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്നും വോട്ടിനായി ശ്രീരാമനെ ദുരുപയോഗം ചെയ്യുകയാണെന്നും ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ബ്രിട്ടാസ്. റാം (രാമൻ) ഞങ്ങളുടേതുമാണ്. പക്ഷേ നിങ്ങളുടെ റാമും ഞങ്ങളുടേതും തമ്മിൽ വ്യത്യാസമുണ്ട്. ഗാന്ധിയുടെ റാം ആണ് ഞങ്ങളുടേത്. അനുകമ്പയുടെ, ഐക്യത്തിന്റെ, സ്നേഹത്തിന്റെ റാം. പക്ഷേ നിങ്ങളുടേത് നാഥുറാം ആണ്,' ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്തെത്തി.

ഗോഡ്‌സേയുടെ പേര് പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ അപഹസിക്കാൻ സിപിഎം നേതാവായ ജോൺ ബ്രിട്ടാസ് തയ്യാറാവുകയാണെന്ന് സന്ദീപ് വാചസ്പതി കുറ്റപ്പെടുത്തി. പതിനായിരക്കണക്കിന് നിരപരാധികളെ അതിക്രൂരമായി കൊന്ന് തള്ളിയ ബാബറിന്റെ അല്ലാഹുവിനെയാണോ പകരം അവിടെ പ്രതിഷ്ഠിക്കേണ്ടത് എന്ന് ബ്രിട്ടാസ് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ കുറിപ്പ്:

മഹാത്മാ ഗാന്ധി എന്ന ഒരു വ്യക്തിയെ കൊന്ന ഹിന്ദുമഹാസഭക്കാരനായ ഗോഡ്‌സേയുടെ പേര് പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ അപഹസിക്കാൻ സിപിഎം നേതാവായ ജോൺ ബ്രിട്ടാസ് തയ്യാറാവുകയാണ്. കോടിക്കണക്കിന് വിശ്വാസികൾ ആരാധിക്കുന്ന അയോധ്യാ ക്ഷേത്രത്തിലെ ശ്രീരാമൻ ഗോഡ്‌സേയുടെ രാമൻ ആണെന്നാണ് ബ്രിട്ടാസിന്റെ അധിക്ഷേപം.

പതിനായിരക്കണക്കിന് നിരപരാധികളെ അതിക്രൂരമായി കൊന്ന് തള്ളിയ ബാബറിന്റെ അല്ലാഹുവിനെയാണോ പകരം അവിടെ പ്രതിഷ്ഠിക്കേണ്ടത് എന്ന് ബ്രിട്ടാസ് വ്യക്തമാക്കണം. അതോ സിപിഎമ്മിന്റെ പുതിയ സഖ്യ കക്ഷിയായ ഹമാസിന്റെ അല്ലാഹുവിനെ വേണമായിരുന്നോ? ബാബറിന്റെയും ഹമാസിന്റെയും, ഐഎസിന്റെയും അല്ലാഹു, സാധാരണ മുസ്ലിങ്ങളുടെ അല്ലാഹു ഇങ്ങനെ വേർതിരിച്ച് പറയണമെങ്കിൽ ബ്രിട്ടാസിന് നട്ടെല്ല് വേണം.

കോടിക്കണക്കിന് ഹിന്ദുക്കളിൽ നിന്ന് ഒരാൾ മതഭ്രാന്തനായാൽ മറ്റുള്ള എല്ലാ ഹിന്ദുക്കളും അതിന് സമാധാനം പറയണം. അവരുടെ ദൈവങ്ങളേയും വിശ്വാസങ്ങളേയും അപഹസിക്കും. ചോദ്യം ചെയ്താൽ വർഗ്ഗീയവാദിയാക്കും. അതേ സമയം തന്റെ മതത്തിന്റെ പേര് പറഞ്ഞ്, വിശ്വസിക്കുന്ന ഗ്രന്ഥത്തിന്റെ പേര് പറഞ്ഞ് കോടിക്കണക്കിന് നിരപരാധികളെ കൊന്ന് തള്ളുന്നവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും. വിശുദ്ധരാക്കും. അവർക്ക് മതേതര സർട്ടിഫിക്കറ്റ് കൊടുത്ത് ആദരിക്കും. ഇതിനെ സിപിഎം വിളിക്കുന്ന പേരാണ് മതേതര പുരോഗമന നിലപാട്

ബ്രിട്ടാസിന്റെ വാക്കുകൾ:

'രാമൻ ഞങ്ങൾക്കും അവകാശപ്പെട്ടതാണ്. എന്റെ രാമൻ മഹാത്മാ ഗാന്ധിയുടെ രാമനാണ്. സഹാനുഭൂതിയുടേയും സഹവർത്തിത്വത്തിന്റേയും സ്‌നേഹത്തിന്റേയും രാമനാണ്. നിങ്ങൾക്കും ഒരു റാമുണ്ട്. എന്നാൽ ആ റാമിന് മുന്നേ മറ്റൊന്നു കൂടിയുണ്ട്, അതാണ് നാഥൂറാം. അതാണ് നിങ്ങളുടെ രാമനും ഞങ്ങളുടെ രാമനും തമ്മിലുള്ള വ്യത്യാസം. നമ്മുടെ പ്രധാനമന്ത്രി ഒരു പൂജാരിയാണോ അതോ പൂജാരിയാണോ പ്രധാനമന്ത്രി. ഒരു രാഷ്ട്രീയ പരിപാടി നടക്കുകയാണെങ്കിൽ അത് ഒരു മതപരിപാടിയായി മാറും. മതപരിപാടിയാണ് നടക്കുന്നതെങ്കിൽ അതൊരു രാഷ്ട്രീയ പരിപാടി ആയി മാറും.

അയോധ്യ പ്രാണ പ്രതിഷ്ഠയിൽ നിന്നും മാറിനിന്നു എന്ന് പറഞ്ഞു അവർ ഞങ്ങളെ കുറ്റപ്പെടുത്തി. ശങ്കരാചാര്യന്മാർ എന്താണ് ചെയ്തത്. ശങ്കരാചാര്യന്മാരുടെ പിറകെ നിങ്ങൾ ഇഡിയേയും സിബിഐയേയും വിടുമോ? അവരെല്ലാം പ്രാണ പ്രതിഷ്ഠയിൽ നിന്നും മാറിനിന്നു. കാരണം അവർക്ക് ഈ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാകാൻ താൽപര്യമില്ല. പ്രാണ പ്രതിഷ്ഠയെ പറ്റി തർക്കിക്കാൻ ഞാനില്ല. കാരണം മനുഷ്യൻ ദൈവത്തിന് പ്രാണൻ നൽകുന്ന കാലമാണിത്. എന്നാൽ ഒരു പ്രധാനമന്ത്രിയുടെ അടിസ്ഥാനപരമായ ധർമം പൗരന്മാർക്ക് പ്രാണൻ നൽകുക എന്നതാണ്, ദൈവത്തിനല്ല. അദ്ദേഹം അദ്ദേഹത്തിന്റെ കടമ ചെയ്യണം. അദ്ദേഹം മണിപ്പൂരിൽ പോയി പൗരന്മാർക്കായി ഒരു പ്രാണപ്രതിഷ്ഠ നടത്തണം,' ജോൺ ബ്രിട്ടാസ് പറഞ്ഞു.