തൃശൂർ: സിപിഎമ്മോ സർക്കാരോ ആവശ്യപ്പെട്ടാൽ കരുവന്നൂർ ബാങ്കിന് 24 മണിക്കൂറിനുള്ളിൽ സഹായം ലഭ്യമാക്കുമെന്ന കേരള ബാങ്ക് പ്രസിഡന്റും സിപിഎംസംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. സർക്കാർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുകയും റിസർവ് ബാങ്ക് എതിർക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൂട്ടായൊരു നിലപാട് എടുക്കുമെന്നാണ് ഗോപി കോട്ടമുറിക്കൽ പറഞ്ഞത്.

ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഗോപി കോട്ടമുറിക്കൽ തീഹാർ ജയിലിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള കേരള സ്റ്റേറ്റ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ( അൽ ഖേരള ബാങ്ക്) പ്രസിഡണ്ടാണ് റിസർവ് ബാങ്ക് എതിർപ്പൊന്നും പ്രശ്‌നമല്ല പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കും എന്ന് പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള കേരള സ്റ്റേറ്റ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ( അൽ ഖേരള ബാങ്ക്) പ്രസിഡണ്ടാണ് റിസർവ് ബാങ്ക് എതിർപ്പൊന്നും പ്രശ്‌നമല്ല പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കും എന്ന് പറയുന്നത് .അയിന് ഗോപി പുളിക്കും. തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും. ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ

അതേസമയം, കരുവന്നൂർ ബാങ്ക് ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്ക് സഹായിക്കുമെന്നും അഭ്യൂഹങ്ങൾക്കിടെയാണ് ഗോപി കോട്ടമുറിക്കൽ പ്രതികരണവുമായി രംഗത്തെത്തിയത്. കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ നിലവിൽ ആവശ്യമുയർന്നിട്ടില്ലെന്നാണ് ഗോപി കോട്ടമുറിക്കൽ പറഞ്ഞത്. ബാങ്കിനെ സഹായിക്കരുതെന്ന് നബാർഡോ റിസർവ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞിരുന്നു.

അതേസമയം, പാർട്ടിയുടെ ഉന്നത നേതാക്കളെയടക്കം സംശയനിഴലിലാക്കുന്ന തലത്തിലേക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് മാറിയതോടെ, നിക്ഷേപകരുടെ പണം ഏതുവിധേനെയും മടക്കിനൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സിപിഎമ്മും. ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാതിരിക്കാൻ അടിയന്തര പരിഹാരം കണ്ടേതീരൂ എന്നാണ് നിലപാട്.സഹകരണ പുനരുദ്ധാരണ നിധി വഴി പാക്കേജുണ്ടാക്കി നിക്ഷേപകരെ തണുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.