- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കോടതി ഷാജൻ സ്‌കറിയക്ക് നൽകിയ അറസ്റ്റിനെതിരായ ഉറപ്പിനെ കാറ്റിൽ പറത്തി; ഷാജനെ കുടുക്കാനുള്ള ചതിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയെ കൂടി പങ്കാളിയാക്കി; രാഷ്ട്രീയ നേതാക്കളുടെ പ്രതികാര ശപഥങ്ങൾ നിറവേറ്റി കൊടുക്കുന്ന ക്വട്ടേഷൻ സംഘമായി കേരള പൊലീസ് അധഃപതിച്ചെന്ന് ശങ്കു ടി ദാസ്: കുറിപ്പ് ഇങ്ങനെ
കൊച്ചി: നാടകീയ നീക്കത്തിൽ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
ഈ കേസിൽ ഇന്ന് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു ചെയ്തത്. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്ത നടപടി ലജ്ജാകരവും ഹീനവും അധാർമ്മികവും രാഷ്ട്രീയ പക പോക്കലിനായി ഏതറ്റം വരെയും താഴാൻ തങ്ങൾ തയ്യാറാണെന്ന കേരളാ പൊലീസിന്റെ നാണം കെട്ട പ്രഖ്യാപനവുമാണെന്ന് ബിജെപി നേതാവും, അഭിഭാഷകനുമായ ശങ്കു ടി ദാസ് വിമർശിച്ചു. ഫേസ്‌ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ശങ്കു ടി ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം:
മാധ്യമ പ്രവർത്തകനായ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്ത നടപടി ലജ്ജാകരവും ഹീനവും അധാർമ്മികവും രാഷ്ട്രീയ പക പോക്കലിനായി ഏതറ്റം വരെയും താഴാൻ തങ്ങൾ തയ്യാറാണെന്ന കേരളാ പൊലീസിന്റെ നാണം കെട്ട പ്രഖ്യാപനവുമാണ്. ഷാജൻ സ്‌കറിയക്ക് എതിരെ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതാണ്.
ആ കേസിൽ ബഹുമാനപ്പെട്ട കോടതിയുടെ തന്നെ നിർദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ അദ്ദേഹം ഹാജർ ആയപ്പോളാണ് പുതിയൊരു കേസുമായി തൃക്കാക്കര പൊലീസ് നിലമ്പൂർ സ്റ്റേഷനിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
അക്ഷരാർത്ഥത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഷാജൻ സ്‌കറിയക്ക് നൽകിയ അറസ്റ്റിനെതിരായ ഉറപ്പിനെ കാറ്റിൽ പറത്തുകയും, കോടതി നിർദ്ദേശ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ ആളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുക വഴി ഷാജനെ കുടുക്കാനുള്ള ചതിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയെ കൂടി പങ്കാളിയാക്കുകയും, സാമ്പ്രദായികമായ നിയാമക വ്യവഹാര രീതികളെ പോലും അട്ടിമറിച്ചു കൊണ്ട് കേവലം രാഷ്ട്രീയ നേതാക്കളുടെ പ്രതികാര ശപഥങ്ങൾ നിറവേറ്റി കൊടുക്കുന്ന ക്വട്ടേഷൻ സംഘമായി സ്വയം അധഃപതിക്കുകയുമാണ് കേരളാ പൊലീസ് ഇതിലൂടെ ചെയ്തിരിക്കുന്നത്.
ഇന്ന് മുതൽ അടുത്ത ആറു ദിവസത്തേക്ക് കോടതി അവധിയാണെന്ന അവസരം കൂടി മുതലാക്കിയാണ് ഇന്നത്തെ ഈ നെറികെട്ട അറസ്റ്റ് നാടകത്തിന് പൊലീസ് മുതിർന്നിരിക്കുന്നത്. കേസ് അന്തിമമായി കോടതിയിൽ തകർന്നു തരിപ്പണമായി പോയാലും സാരമില്ല, ഈ തിരുവോണക്കാലം എങ്കിലും ഷാജൻ സ്‌കറിയ ജയിലിൽ കഴിച്ചു കൂട്ടുന്നു എന്നുറപ്പാക്കി, അതിലൂടെ രാഷ്ട്രീയ യജമാനന്റെ പ്രെസ്റ്റീജ് സംരക്ഷിക്കുക എന്ന ലിമിറ്റഡ് അജണ്ട മാത്രമാണ് പൊലീസിന് ഇക്കാര്യത്തിലുള്ളതെന്ന് വ്യക്തമാണ്.
ഒരു വ്യക്തിയെ കുടുക്കാൻ ഒരു ഇൻസ്റ്റിറ്റിയൂഷൻ ഒന്നാകെ ഇത്രയും തരം താണ ഒരനുഭവം എന്റെ ഓർമയിലില്ല. തീസ്താ സെറ്റൽവാദിന്റെ ജാമ്യ ഹർജി പരിഗണിക്കാൻ ശനിയാഴ്ച രാത്രി ഒമ്പതര മണിക്കും യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണോ എന്നാലോചിക്കാൻ അന്ന് പുലർച്ചെ മൂന്നര മണിക്കും ഒക്കെ പ്രത്യേക സിറ്റിങ് നടത്തി നീതിയോടുള്ള അപാര പ്രതിബദ്ധത തെളിയിച്ചിട്ടുള്ള ജുഡീഷ്യറിക്ക് ഇപ്പോൾ തങ്ങൾ കൂടി ഭാഗബാക്കായ ഈ ചതിക്ക് അടിയന്തിരമായി പരിഹാരം കാണാനും അവധി മാറ്റിവെയ്‌ക്കേണ്ട ബാധ്യതയുണ്ട്. അതല്ലെങ്കിൽ പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപെടുന്ന സംവിധാനം പൊലീസ് മാത്രമാവില്ല.
സച്ച് എ ഷെയിം ദിസ് ഈസ്.




