ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വോട്ടുകൾക്ക് നഷ്ടമായ ആലപ്പുഴയിൽ ഇത്തവണ കെ.സി വേണുഗോപാൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും. ദേശീയതലത്തിലും കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ നിശബ്ദ തരംഗമുണ്ട്. ന്യൂനപക്ഷങ്ങൾ മാത്രമല്ല, ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ബിജെപി ഇനിയും അധികാരത്തിൽ എത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധതയും വർഗീയതയും ഇനിയും ആവർത്തപ്പെടാൻ പാടില്ലെന്ന് ബോധ്യമുള്ള ജനത ബിജെപിക്കെതിരെ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയും ചെയ്തു.

നേരത്തെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്. രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും പിണറായി പറഞ്ഞു. റോബർട്ട് വാദ്രയുടെ കേസ് അവസാനിച്ചത് എങ്ങനെയാണ്? അദ്ദേഹം ഇലക്ടറൽ ബോണ്ട് നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മറുപടിയായാണ് സതീശന്റെ കടന്നാക്രമണം.

സതീശന്റെ പ്രതികരണം ചുവടെ

കേരളത്തിൽ ബിജെപിയുടെ മൗത്ത്പീസായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 35 ദിവസവും എഴുതി തയാറാക്കി കൊണ്ടു വന്ന ഒരേ കാര്യം തന്നെയാണ് പത്രസമ്മേളനത്തിൽ പറയുന്നതും യോഗങ്ങളിൽ പ്രസംഗിക്കുന്നതും. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയുമാണ് മുഖ്യമന്ത്രി ഏറ്റവും കൂടുതൽ വിമർശിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നതും ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്നതും രാഹുൽ ഗാന്ധിയാണ്. തീർത്താൽ തീരാത്ത പ്രതികാരത്തോടെ മോദി ഭരണകൂടം എതിർക്കുന്ന രാഹുൽ ഗാന്ധിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എതിർക്കുന്നത്. ഭയമാണ് പിണറായി വിജയനെ ഭരിക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതമായ ബാന്ധവത്തിനെതിരെ ജനങ്ങൾ അതിശക്തമായി തിരഞ്ഞെടുപ്പിൽ പ്രതികരിക്കും.

19 സീറ്റിൽ മത്സരിക്കുന്ന സിപിഎമ്മാണ് മോദി ഭരണകൂടത്തെ താഴെയിറക്കുമെന്ന് പറയുന്നതും പ്രകടനപത്രി ഇറക്കുന്നതും. 19 സീറ്റിൽ മാത്രം മത്സരിക്കുന്നവർ ഇന്ത്യയിൽ അധികാരത്തിൽ എത്തുമെന്ന് പറയുന്നത് തന്നെ ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ജനരോഷവും പ്രതിഷേധവും അമർഷവുമുണ്ട്. 55 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 45 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനും ഉൾപ്പെടെ ഒരു കോടി ജനങ്ങൾക്ക് പെൻഷൻ നിഷേധിച്ച സർക്കാരാണ് പിണറായിയുടേത്. മാവോലി സ്റ്റോറുകളിൽ സാധനങ്ങളോ ആശുപത്രികളിൽ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്. കരാറുകാർക്ക് പണം നൽകാത്തതിനാൽ വികസന പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. കേരളത്തെ രൂക്ഷമായ ധനപ്രതിസന്ധിയിലാക്കിയിട്ടും അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. ഈ സാഹചര്യത്തിൽ യു.ഡി.എഫിന് വൻവിജയം നേടാനാകും.

പിണറായി വിജയൻ എന്തിനാണ് എന്നെ വിമർശിക്കുന്നതെന്നും താങ്കൾ എന്തുകൊണ്ടാണ് മോദിയെയും ബിജെപിയെയും വിമർശിക്കാത്തതെന്നുമാണ് രോഹുൽ ഗാന്ധി ചോദിച്ചത്. മോദിയെ വിമർശിക്കുന്ന എല്ലാ ഭരണകൂടങ്ങളെയും വേട്ടയാടുകയാണ്. രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്നിട്ടും താങ്കൾക്ക് കേന്ദ്ര ഏജൻസികൾ ഒരു നോട്ടീസ് പോലും കിട്ടിയിട്ടില്ലല്ലോയെന്നുമാണ് രാഹുൽ ഗാന്ഝി ചോദിച്ചത്. ഇത് ശരിയല്ലേ? പ്രിൻസിപ്പൽ സെക്രട്ടറി ലൈഫ് മിഷൻ കോഴയിൽ ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ലാവലിൻ കേസ് എന്തുകൊണ്ടാണ് 38 തവണ മാറ്റിവച്ചത്? കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ മൃദു സമീപനമാണ്.

രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന കാമ്പയിൻ 2014-ൽ തുടങ്ങിയിരുന്നു. ബിജെപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേര് പിണറായി വിജയനും വിളിക്കട്ടെ. മോദിയുടെ തോളിൽ കയ്യിട്ട് പിണറായിയും ആ പേര് വിളിക്കട്ടെ. അപ്പോൾ ജനങ്ങൾക്ക് മനസിലാകും പിണറായി ആരാണെന്ന്. ബിജെപിയുടെ മൗത്ത് പീസായ പിണറായിയുടെ ശത്രു രാഹുൽ ഗാന്ധിയും കോൺഗ്രസും മാത്രമാണ്. ന്യൂനപക്ഷ വോട്ട് കിട്ടാൻ വേണ്ടിയാണ് 35 ദിവസമായി പിണറായി വിജയൻ നാടകം കളിക്കുന്നത്. വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് ഇല്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? അതൊക്കെ മനസിലാക്കാനുള്ള സാമാന്യബുദ്ധി ജനങ്ങൾക്കുണ്ട്. കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ് ജനങ്ങളുടെ പ്രതീക്ഷ. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിൽ ബിജെപി നേതാക്കളെയും കടത്തിവെട്ടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.

ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി മേഘ എൻജിനീയറിങ് 600 കോടി നൽകിയെന്ന് പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിക്കെതിരെ മോദിയുടെ സത്പേരിന് കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ് കേസെടുത്ത ആളാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചതിന് നൽകിയ 9 പരാതികളിൽ ഒന്നിൽ പോലും കേസെടുത്തിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ 20 വർഷം മുൻപ് മരിച്ചു പോയ എന്റെ പിതാവിനെ വരെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ഇട്ടിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയുമില്ല. മോദിയെ വിമർശിച്ചതിന് ഷമാ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ വിമർശിക്കാൻ പാടില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

300 കോടിയാണ് കരുവന്നൂരിൽ നിന്നും കൊള്ളയടിച്ചത്. സൊസൈറ്റിയിൽ അംഗമല്ലാത്ത സിപിഎം എങ്ങനെയാണ് അവിടെ അക്കൗണ്ട് തുടങ്ങിയത്? അങ്ങനെയൊരു അക്കൗണ്ട് കരുവന്നൂരിലും ഇന്ത്യൻ ബാങ്കിലും ഇല്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. വെളിപ്പെടുത്താത്ത ഈ അക്കൗണ്ടുകളിലൂടെ കള്ളപ്പണ ഇടപാടാണ് നടന്നത്. 50 കോടി രൂപ നൽകിയാൽ പ്രശ്നങ്ങളെല്ലാം നോർമൽ ആയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ചിട്ടാണ് അവിടെ എല്ലാം നോർമ്മൽ ആയെന്ന് പറയുന്നത്. 50 കോടി നൽകിയാൽ നോർമ്മൽ ആകുമെങ്കിൽ അത് നൽകാത്തത് എന്തുകൊണ്ടാണ്. കൊള്ളയടിച്ചവരെയെല്ലാം സിപിഎം ഏഴ് വർഷമായി സംരക്ഷിക്കുകയായിരുന്നു. എന്നിട്ടും സർക്കാർ പച്ചക്കള്ളമാണ് പറയുന്നത്. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടുന്നതിന് വേണ്ടി ഇ.ഡിയെ ഉപയോഗിച്ച് സിപിഎം നേതാക്കളെ വിരട്ടി നിർത്തിയിരിക്കുകയാണ്. വിരണ്ടു നിൽക്കുന്ന സിപിഎം നേതാക്കളെ ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന- ജില്ലാ സിപി.എം നേതാക്കൾക്ക് കരുവന്നൂർ കൊള്ളയിൽ പങ്കുണ്ട്. കള്ളപ്പണ ഇടപാട് നടന്നെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അഥോറിറ്റികൾ കണ്ടെത്തിയിട്ടും മാസപ്പടി അന്വേഷണത്തിന് എട്ട് മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.

കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ യു.ഡി.എഫ് അനുവദിക്കില്ല. ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മത്സരം നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എൽ.ഡി.എഫ് സഹായിച്ചാലും അക്കൗണ്ട് തുറക്കാൻ ബിജെപിയെ യു.ഡി.എഫ് അനുവദിക്കില്ല.

അന്വേഷിക്കാൻ ഒന്നുമില്ലെന്നും തെളിവില്ലെന്നുമുള്ള സത്യവാങ്മൂലമാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. പി.വി അൻവറിനെ ഉപയോഗിച്ച് ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ റെയിൽ വന്നാൽ 2045 ആകുമ്പഴേക്കും കേരളം മുഴുവൻ ഐ.ടി വ്യവസായം കൊണ്ട് നിറയുമെന്നും ഹൈദ്രാബാദിലെയും ബെംഗലുരുവിലെയും ഐ.ടി വ്യവസായങ്ങൾ തകരും. ഇത് മനസിലാക്കിയ ഐ.ടി കമ്പനികൾ കെ.സി വേണുഗോപാലിനെ ബന്ധപ്പെട്ടു. എന്നെ മുഖ്യമന്ത്രിയാക്കുമെന്നും പണം നൽകുമെന്നും പറഞ്ഞ കെ.സി വേണുഗോപാൽ കെ. റെയിൽ അട്ടിമറിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ കെ റെയിൽ അട്ടിമറിച്ചു. അതിന്റെ ഭാഗമായി ബെംഗലുരുവിൽ നിന്നും 150 കോടി രൂപ മീൻ വണ്ടിയിൽ കയറ്റി ചാവക്കാട് കൊണ്ടു വന്നു. അവിടെ നിന്നും രണ്ട് ആംബുലൻസിലാക്കി മറ്റൊരു സ്ഥലത്തുകൊണ്ടു വന്നെന്നും ആ പണം ബെഗലുരുവിൽ നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. തിരിച്ച് കൊണ്ടു പോയ വണ്ടി ഏതാണെന്ന് പറഞ്ഞില്ല. പിണറായി വിജയനാണ് ഇതുപോലുള്ള ചീഞ്ഞ ആരോപണങ്ങൾ ഉന്നയിക്കാൻ ഒരാൾക്ക് അനുമതി നൽകിയത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഓർത്ത് ചിരിക്കണോ കരയണോ എന്ന് ചോദിച്ചത്.

കോവിഡ് കാലത്തുകൊള്ള നടത്തിയെന്ന് പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയി. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള പർച്ചേസ് ആയതിനാൽ മന്ത്രിയെ പ്രതിയാക്കരുതെന്ന് ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യത്തിൽ സർക്കാരിന്റെ നിയമങ്ങൾ പാലിക്കേണ്ടതില്ല എന്ന വാദം തള്ളിക്കൊണ്ടാണ് ലോകയുക്ത അന്വേഷവുമായി മുന്നോട്ടു പോകാൻ ഹൈക്കോാടതി ഉത്തരവ് നൽകി. പി പി ഇ കിറ്റ് അഴിമതി സംബന്ധിച്ചു ശൈലജ ടീച്ചർ പറയുന്ന വാദങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണ് എന്ന് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ ഉത്തരം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിൽ പി.പി.ഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര ആസ്ഥാനമായ സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും 2020 മാർച്ച് 29 ന് 1550 രൂപ നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങിയത് എന്നാണ് ശൈലജ ടീച്ചർ പറയുന്നത്. സാൻഫാർമയിൽ നിന്നും വാങ്ങാൻ തീരുമാനിച്ച അതേദിവസം കേറോൻ( 456 രൂപ), ന്യൂ കെയർ ഹൈജീൻ പ്രോഡക്ട് (472.50 രൂപ ), ബയോമെഡിക്‌സ് (483 രൂപ ) എന്നീ സ്ഥപനങ്ങളിൽ നിന്നും പി.പി.ഇ കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചു. ഇതെല്ലം 500 രൂപയിൽ താഴെയായിരുന്നു. എന്നിട്ടാണ് സാൻഫാർമയിൽ നിന്നും 1550 രൂപ നിരക്കിൽ വാങ്ങിയത്. ഇതാണ് അഴിമതി. ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് കഴക്കൂട്ടത്തെ പച്ചക്കറി കമ്പനിയിൽ നിന്നും വാങ്ങി. പച്ചയ്ക്കുള്ള അഴിമതിയാണ് നടത്തിയത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. 1032 കോടിയുടെ അഴിമതിയാണ് നടത്തിയത്. മരണവീട്ടിൽ നിന്നും പോക്കറ്റടിക്കുന്നതു പോലെയാണ് കോവിഡ് കാലത്ത് പോക്കറ്റടിച്ചത്. 28000 കോവിഡ് മരണങ്ങളാണ് ഒളിപ്പിച്ചുവച്ചത്. എന്നിട്ടാണ് ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞത്. ഇത് ചോദ്യം ചെയ്ത മനോരമയിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെതിരെ സൈബർ ആക്രമണം നടത്തി. അവരുടെ മൂന്ന് തലമുറകളെയാണ് ആക്ഷേപിച്ചത്. എന്നിട്ടും ഇവരാരും ഒന്നും മിണ്ടിയില്ല-സതീശൻ വിശദീകരിച്ചു.