കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ടുകൊണ്ടുള്ള പ്രചരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ പി.വി അൻവർ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ നടത്തിയത്. മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവർഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നത്. വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലർക്ക് നെഗറ്റീവ് വാർത്ത ആയാലും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നാൽ മതി-സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോൾ തന്നെ പിണറായി വിജയൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും വിമർശിക്കുകയാണ്. ഇത് ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണ്. ബിജെപിയെ ഭയന്നാണ് പിണറായി ഭരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കസവുകെട്ടിയ പേടിത്തൊണ്ടൻ എന്ന പദത്തിന് അടിവരയിടുന്ന സംഭവമാണ് ഇന്നുണ്ടായത്. ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്നും രക്ഷ തേടാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ബിജെപി പിണറായിയെ ഭയപ്പെടുത്തുകയാണ്. താൻ പോലും ഉപയോഗിക്കാത്ത കടുത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിച്ചതെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്.

രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സിപിഎം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അൻവറിനെ ഉപയോഗിച്ച് പിണറായി വിജയൻ എനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആർക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അൻവർ. അയാളെ ഞാൻ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചത്.

ഇന്ന് വിശ്വോത്തര സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്റെ ജന്മദിനവും ചരമദിനവുമാണ്. അധികാരവും പദവികളും ദുിച്ച മാക്‌ബത്ത് ഷേക്സ്പിയറിന്റെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർത്തമാനമാണ് പരസ്യമായി പഷിപ്പിച്ച ഭരണകർത്താക്കളെ കുറിച്ച് ഒരുപാട് നാടകങ്ങൾ എഴുതിയിട്ടുണ്ട്. അധികാര ദുർമോഹിയും അധികാരം നിലനിർത്തുന്നതിന് വേണ്ടി എല്ലാ ദുഷിച്ച മാർഗങ്ങളും സ്വീകരറയുന്നത്. ഭിന്നിപ്പുണ്ടാക്കാൻ വിദ്വേഷത്തിന്റെ കാമ്പയിൻ നടത്തുകയാണ്. 400 സീറ്റ് കിട്ടി അധികാരത്തിൽ വരുമെന്ന് പറഞ്ഞവർ ഇപ്പോൾ സീറ്റുകൾ കുറയുമോയെന്ന ഭയപ്പാടിലാണ്. അതിൽ നിന്നും കരകയറാനുള്ള അവസാന ശ്രമമാണ് രാജസ്ഥാനിലെ പ്രസംഗം. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണഘടനാ സംവിധാനങ്ങളെ എത്രത്തോളം ദുർബലമാക്കി എന്നതിന്റെ കൂടി ഉദാഹരണമാണിത്. അധികാരം നിലനിർത്താൻ വർഗീയത പടർത്തുന്ന ബിജെപിയുമായാണ് കേരളത്തിലെ സിപിഎം സന്ധി ചെയ്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഗുജറാത്തിലെ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് പറഞ്ഞത്. കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മിടുമിടുക്കരാണെന്ന് പറഞ്ഞതും ബിജെപി നേതാക്കളല്ല, എൽ.ഡി.എഫ് കൺവീനറാണ്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

വടകരയിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ വൈകാരിക പ്രകടനത്തോടെ കൊണ്ടു വന്ന നുണ ബോംബ് ചീറ്റിപ്പോയി. അവസാനം എൽ.ഡി.എഫ് സ്ഥാനാർത്ഥി തന്നെ അത്തരമൊരു വീഡിയോ ഇല്ലെന്ന് പറഞ്ഞിട്ടും വിഡീയോ ഉണ്ടെന്നും പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും കൂടിയാണെന്നാണ് എം.വി ഗോവിന്ദൻ ഇന്നും പറഞ്ഞത്. അതിനെ നിയമ നടപടി സ്വീകരിക്കും. വാ തുറന്നാൽ എന്തും പറയുന്ന ആളാണ് ഗോവിന്ദൻ. ഇല്ലാത്ത പോസ്റ്ററും വീഡിയോയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പി.ആർ ഏജൻസി ഉണ്ടാക്കേണ്ട അവസ്ഥയിലാണ്. ഷാഫിയെ തോൽപ്പിക്കാൻ വേണ്ടി വൈകാരികമായി ഗദ്ഗദകണ്ഠയായാണ് സംസാരിച്ചത്. ഇപ്പോൾ പറയുന്നു കരഞ്ഞതല്ല, പൊടിയുടെ അലർജിയാണെന്ന്. എന്തൊരു കാപട്യമാണിത്. എന്നിട്ടും വടകരയിൽ നടന്നത് തെമ്മിടിത്തമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീറ്റിപ്പോയ പടക്കവുമായി കുട്ടി നിൽക്കുന്നത് പോലെയാണ് ചീറ്റിപ്പോയ പടക്കവുമായി ഇന്ന് പിണറായി വിജയൻ നിന്നത്. ചീറ്റിപ്പോയതിന്റെ വിഷമമാണ് പിണറായി ഇന്ന് പ്രകടിപ്പിച്ചത്. എന്ത് വൃത്തികേടും പറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്തവരായി കേരളത്തിലെ സിപിഎം മാറി.

രാഹുൽ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ പ്രചരണം നടത്തിയത് സിപിഎമ്മാണ്. ഇന്ത്യ മുന്നണിയേക്കാൾ സിപിഎമ്മിന് നല്ലത് എൻ.ഡി.എയാണ്. ആ ഘട്ടത്തിലേക്ക് സിപിഎം എത്തിയിരിക്കുകയാണ്. പിണറായിയും ഗോവിന്ദനും സുരേന്ദ്രനും മുരളീധരനും ഒന്നിച്ച് പത്രസമ്മേളനം നടത്തുന്ന കാഴ്ച മാത്രമെ ഇനി കേരളം കാണാനുള്ളൂ. ഒരേ വാചകങ്ങളാണ് ഇവർ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞ തുറമുഖത്തിനെതിരെ സമരം നടത്തിയവർ തീവ്രവാദികളാണെന്ന് കേരളം ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ദേശാഭിമാനി പത്രത്തിൽ വികാരി ജനറൽ ഉൾപ്പെടെയുള്ളവർ തീവ്രവാദികളാണെന്ന് അവരുടെ പടങ്ങൾ നൽകിക്കൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഗൂഡോലോചന നടത്തിയാണ് രൂപതയുടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചത്. കേരള മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അത് ചെയ്തത്.

കേരള ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കേരള ഭരണത്തിന്റെ കൂടി വിലയിരുത്തലാകും എന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വെല്ലുവിളിക്കുന്നു. ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്തതും മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലാത്തതും ഖജനാവ് കാലിയാക്കിയതും കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരെ കുറിച്ചും ഗൗരവതരമായി തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. ഒരു സീറ്റിൽ പോലും എൽ.ഡി.എഫ് വിജയിക്കില്ല.

എന്നെ മാത്രം വിമർശിക്കാതെ മോദിയെയും ബിജെപിയെയും വിമർശിക്കണമെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. മോദിയെ വിമർശിക്കുന്നവരെ കേന്ദ്ര ഏജൻസികൾ വേട്ടയാടിയിട്ടും നിങ്ങൾക്ക് ഒരു നോട്ടീസ് പോലും തന്നില്ലല്ലോയെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അത് സത്യമല്ലെ? ലൈഫ് മിഷൻ അഴിമതിയിൽ പിൻസിപ്പൽ സെക്രട്ടറി ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ലല്ലോ. ആറര കൊല്ലമായിട്ടും ലാവലിൻ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധിയെ പത്ത് വർഷം മുൻപ് ബിജെപി അപമാനിച്ചത് ഇപ്പോൾ പിണറായിയും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്. പൗരത്വത്തെ കുറിച്ച് പറഞ്ഞും രാഹുൽ ഗാന്ധിയെ വിമർശിച്ചും സംസ്ഥാന സർക്കാരിനെതിരായ അമർഷവും രോഷവും തിരഞ്ഞെടുപ്പ് അജണ്ടയിൽ വരാതിരിക്കാനുള്ള കൗശലവും ചുളുവിൽ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനുള്ള ശ്രമമവുമാണ് പിണറായി വിജയൻ നടത്തിയത്. അത് തുറന്നുകാട്ടപ്പെട്ടു. രാഹുൽ ഗാന്ധി വടക്കേ ഇന്ത്യയിൽ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേ ദിവസം അതേ വാചകം പിണറായിയും പറഞ്ഞു. രണ്ടു പേരുടെയും പ്രസ്താവനകൾ ഒരുടത്താണോ തയാറാക്കുന്നതെന്നു പോലും സംശയമുണ്ട്. സ്മൃതി ഇറാനിയുടെ രാഹുൽ ഗാന്ധിക്കെതിരായ പ്രസ്താവനയും പിറ്റേ ദിവസം പിണറായി ആവർത്തിച്ചു. ലീഗ് പതാക അഞ്ച് വർഷം മുൻപ് വിവാദമാക്കിയത് ബിജെപി. ഇപ്പോൾ വിവാദമാക്കിയത് പിണറായി. അപ്പോൾ ബിജെപിയും പിണറായി വിജയനും തമ്മിൽ ദൂരമില്ല. പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ എത്ര വിധേയനായും ഭയന്നുമാണ് പിണറായി വിജയൻ നിന്നത്.

പൗരത്വ നിയമം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയാണ്. 35 ദിവസമായി രാഹുൽ- കോൺഗ്രസ് വിരുദ്ധ പ്രചരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് വോട്ട് ചെയ്തില്ലെന്നും രാഹുൽ ഗാന്ധി വിദേശത്താണെന്നുമുള്ള പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെല്ലാം തെളിവ് ഹാജരാക്കിയിട്ടും മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ ആവർത്തിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പി. ചിദംബരവും വ്യക്തമാക്കിയിട്ടുണ്ട്. 19 സീറ്റിൽ മത്സരിക്കുന്ന ബിജെപിയാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു പറയുന്നതും ജനങ്ങളെ പറ്റിക്കലാണ്. സാമാന്യ ബോധമുള്ള ആരും പറയില്ല. പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്തതിനുള്ള കേസുകൾ പിൻവലിക്കാത്തതും ബിജെപിയെ സുഖിപ്പിക്കാനാണ്. എന്നിട്ടാണ് പൗരത്വത്തോട് സ്നേഹവുമായി വരുന്നത്. ജനങ്ങൾ ഒന്നും മറക്കില്ല. വിഷയറങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകായാണ്. നവകേരള സദസും വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെയും സിദ്ധാർത്ഥിന്റെയും മരണവും റിയാസ് മൗലവി കേസിന്റെ വിധിയും ഉൾപ്പെടെ നിരവധി കാര്യങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശമായതാണ് കേരളത്തിലെ ഭരണകൂടം. അത് ചർച്ച ചെയ്യപ്പെടും.

തൃശൂർ പൂരത്തിന് തലേ ദിവസം രാത്രി മുതൽ പിറ്റേ ദിവസം രാവിലെ ഏഴര വരെ കമ്മിഷണർ അഴിഞ്ഞാടിയെന്നാണ് പറയുന്നത്. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന രണ്ട് മന്ത്രിമാരും കമ്മിഷണർ അഴിഞ്ഞാടിയത് അറിഞ്ഞില്ലേ? സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പിയും അറിഞ്ഞില്ലേ? ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും അറിഞ്ഞില്ലേ? പിറ്റേ ദിവസമാണോ മുഖ്യമന്ത്രി അറിഞ്ഞത്. ഇത് ബിജെപിയെ സഹായിക്കാനുള്ള നാടകമായിരുന്നു. വർഗീയമാക്കി മാറ്റി ബിജെപി നേട്ടമുണ്ടാക്കി കൊടുക്കാനാണ് ശ്രമിച്ചത്. ഇവർ എൻ.ഡി.എയിൽ പോയാൽ ബിജെപിയെയും സിപിഎമ്മിനെയും ഒന്നിച്ച് നേരിട്ടാൽ മതിയല്ലോ-സതീശൻ വിശദീകരിച്ചു.