കാസർകോട്: പാർട്ടിയും പഞ്ചായത്ത് അധികൃതരും നിരന്തരം അവഗണിക്കുന്നതിൽ മനംനൊന്ത് പഞ്ചായത്തംഗം രാജിവച്ചു. കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് 14-ാം വാർഡ് അംഗം വി.ആർ.ദീക്ഷിതാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. എസ്.ഡി.പി.ഐ പ്രതിനിധിയായിരുന്നു.

ദീക്ഷിതിന്റെ രാജിക്കത്ത് ഈ മാസം 12 ന് നേരിട്ടു കൈപ്പറ്റുകയും കഴിഞ്ഞദിവസം 12.49 മുതൽ രാജി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എസ്.ഡി.പി.ഐയുടെ ടിക്കറ്റിൽ 2020 ൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട തനിക്കു പൊതു പ്രവർത്തന പരിചയമൊന്നുമില്ലെന്നും കൂലിപ്പണിക്കാരനാണെന്നും എല്ലാ കാര്യത്തിലും പിന്തുണയും സഹായവുമുണ്ടായാലേ മത്സരിക്കാനാവൂവെന്നും ഇക്കാര്യം തെരഞ്ഞെടുപ്പിനു മുമ്പു എസ്.ഡി.പി.ഐ ഭാരവാഹികളോട് പറഞ്ഞിരുന്നുവെന്നും അറിയിപ്പിൽ ദീക്ഷിത് പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും എസ്.ഡി.പി.ഐ തന്നെ സഹായിക്കാനോ മറ്റുപിന്തുണനൽകാനോ തയ്യാറായിട്ടില്ല. എസ്.ഡി.പിഐ എന്ന പാർട്ടിയെയും അതിന്റെ പ്രതിനിധിയായ തന്നെയും അധികാരികളും ജീവനക്കാരും വകവയ്ക്കുന്നുമില്ല. മറ്റു വാർഡുകളിലൊക്കെ വികസനം നടക്കുമ്പോൾ അതു ചൂണ്ടിക്കാട്ടി തന്റെ വാർഡിലെ വോട്ടർമാർ തന്നെ പരിഹസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മെമ്പർ സ്ഥാനം രാജി വയ്ക്കാൻ താൻ നിർബന്ധിതനായതെന്ന് അറിയിപ്പിൽ കൂട്ടിച്ചേർത്തു.