- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സുരേന്ദ്രന്റെ കേരളപദയാത്ര ജില്ലവിടും മുൻപെ കണ്ണൂരിൽ ബിജെപിക്ക് തിരിച്ചടി
കണ്ണൂർ: ബി.ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരളപദയാത്രയ്ക്കു കണ്ണൂരിൽ സ്വീകരണം നൽകിയതിനു പിന്നാലെ ബിജെപി നേതാവ് സിപിഎമ്മിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും കണ്ണപുരം സ്വദേശിയുമായ ധനേഷ് മൊത്തങ്ങയാണ് സിപിഎമ്മിൽ ചേർന്നത്. ആർഎസ്എസ് മുൻ താലൂക്ക് കാര്യവാഹും ബാലഗോകുലം ഭാരവാഹിയായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ധനേഷ് മൊത്തങ്ങയെ പൂർണ മനസോടെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ് ധനേഷ് അടക്കമുള്ളവർ സിപിഎമ്മിലേക്ക് ചേരുന്നത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിശ്വാസവും മതവും വ്യക്തിപരമാണ്. സിപിഎം അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ വർഗീയതയെയെന്നും എതിർക്കുന്ന പാർട്ടിയാണ് സി.പി. എം. അതിൽ കോൺഗ്രസ് വിട്ടുവീഴ്‌ച്ച ചെയ്യുകയാണ്. രാജ്യത്ത് വർഗീയതയിളക്കി വിട്ടു വോട്ടുബാങ്കുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം. വി ജയരാജൻ പറഞ്ഞു.കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് കോലിബിയെന്നു വിശേഷിപ്പിക്കുന്നത്.
ഗാന്ധിഘാതകരും ഗാന്ധിശിഷ്യരും തമ്മിലുള്ള കൂട്ടുകെട്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഇത് കാണാം. ചിലയിടങ്ങളിൽ വടകര - ബേപ്പൂർ മോഡൽ കോലീബി കൂട്ടുകെട്ടുമുണ്ട്. കോലീബി കൂട്ടുകെട്ടിനോട് ലീഗണികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങി.അതുകൊണ്ടിപ്പോൾ കോബി ആണ്. പാറശ്ശാലയിലെ കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോബി കൂട്ടുകെട്ട് വീണ്ടും പ്രത്യക്ഷപ്പെട്ടത്. മറ്റിടങ്ങളിലെ കോബിയിൽ നിന്ന് വ്യത്യസ്തമായി കുളത്തൂരിൽ കോൺഗ്രസുകാരനെ തോൽപിക്കാനാണ് കോബി കൂട്ടുകെട്ടുണ്ടാക്കിയത്.
ഇടതുപക്ഷ വിരോധം മൂലം ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന കോൺഗ്രസിപ്പോൾ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിയുമായി നിക്കാഹ് നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും എം വി ജയരാജൻ ആരോപിച്ചു. സി.പി. എംകണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽ നടന്നപരിപാടിയിൽ ധനേഷ് മൊത്തങ്ങയെ ചുവന്ന ഷാൾ അണിയിച്ചാണ് ജയരാജൻ പാർട്ടിയിലേക്ക് സ്വീകരിച്ചത്. നാഗ്പൂരിൽ നിന്നും ഒ.ടി.സി ട്രെയിനിങ് കഴിഞ്ഞയാളാണ് ധനേഷ്. കഴിഞ്ഞ ഇരുപതുവർഷമായി താൻ രാഷ്ട്രീയ സ്വയം സേവകിന്റെ സജീവപ്രവർത്തകനായിരുന്നുവെന്നും ബിജെപി കണ്ണൂർ ജില്ലാകമ്മിറ്റിയംഗമാണെന്നും ധനേഷ് പറഞ്ഞു. ശരിയുടെ പക്ഷമാണ് എൽ.ഡി. എഫെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണ് സി.പി. എമ്മിലേക്ക് വന്നതെന്നും ധനേഷ് പ്രതികരിച്ചു.
ചെറുപ്പത്തിലെ ബാലസംഘവും എസ്. എഫ്. ഐയുമായും ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചെങ്കൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ധനേഷ്. ഇരുപതുവർഷത്തെ സംഘപരിവാർ ബന്ധമുപേക്ഷിച്ചാണ് സി.പി. എമ്മിൽ ചേർന്നത്. കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണപരിപാടിയിൽ ടി.കെ ഗോവിന്ദൻ, ടി.വി രാജേഷ്, വി.വിനോദ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺസ്‌ക്വയറിൽ നടന്ന കേരളപദയാത്ര ഉദ്ഘാടനത്തിനിടെ ബിജെപിയിലേക്ക് വിവിധ പാർട്ടികളിൽ നിന്നും ചേർന്ന ഇരുന്നൂറിലേറെപ്പേർക്ക് സ്വീകരണമൊരുക്കിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ബിജെപി ജില്ലാനേതാവിനെ തന്നെ സി.പി. എം മറുകണ്ടം ചാടിച്ചത്.