- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എസ്.എഫ്.ഐ പ്രതിനിധിക്ക് പകരം കുട്ടി നേതാവ്; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല; ഡിജിപിക്ക് പരാതി നൽകി കെ എസ് യു; വിവാദമായതോടെ നിലപാട് തിരുത്തി പ്രൻസിപ്പാളും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല. പ്രിൻസിപ്പൾ ജി ജി ഷൈജു അടിയന്തിരമായി ഹാജരാകാൻ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. അതേസമയം ആൾമാറാട്ടം വിവാദമായതോടെ പ്രിൻസിപ്പാൾ നിലപാട് തിരുത്തി. കൗൺസിലറുടെ പേര് നൽകിയതിൽ പിഴവു പറ്റിയെന്നാണ് വിശദീകരണം. സംഭവത്തിൽ കെ എസ് യു ഡി ജി പിക്ക് പരാതി നൽകി. കൂടാതെ കെ എസ് യു യൂണിവേഴ്സിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
കോളജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിന്നും യൂണിവേഴ്സിറ്റി കൗൺസിലറായി ജയിച്ച എസ്.എഫ്.ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാർത്ഥി നേതാവായ വിശാഖിന്റെ പേരാണ് കോളജ് അധികൃതർ സർവകലാശാലയിലേക്ക് നൽകിയത്. അനഘ യൂണിയൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെ തുടർന്നാണ് വിശാഖിനെ നിർദ്ദേശിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. മൽസരിക്കാത്ത വിശാഖിനെ പ്രതിനിധിയാക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് കെ.എസ്.യു അടക്കമുള്ളവർ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സർവകലാശാലയ്ക്ക് പരാതി നൽകി.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാനേതാവായ ആൺകുട്ടിയെയാണ് സർവകലാശാലാ യൂണിയനിലേക്ക് എത്തിക്കാൻ എസ്എഫ്ഐ ശ്രമിച്ചിരിക്കുന്നത്.
ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യുയുസിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യുയുസികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേർത്തിരിക്കുന്ന വിശാഖ് എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണെന്നാണ് വിവരം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.
വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുയുസികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
എന്തായാലും ആൾമാറാട്ടത്തിലൂടെയും ജനാധിപത്യം പൂത്തുലയുന്ന കാഴ്ച്ച കണ്ട് എല്ലാവരും ഞെട്ടിയിരിക്കയാണ്. സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു പുറത്തുവരുന്ന സൂചന. നേരത്തെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി പിരിച്ചുവിടാനുള്ള സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കാതെ സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം കുട്ടിസഖാക്കളെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ പാർട്ടിക്ക് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. എന്നാൽ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ