- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളസർവകലാശാലാ കലോത്സവത്തിൽ മുൻ എസ്എഫ്‌ഐ നേതാവ് കോഴയിടപാടിന് ശ്രമിച്ചു;
തിരുവനന്തപുരം: കേരളസർവകലാശാലാ കലോത്സവത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കലോത്സവത്തിൽ കോഴ ഇടപാടു നടന്നു എന്ന് ഉറച്ചു നിൽക്കുകയാണ് എസ്എഫ്‌ഐ. എന്നാൽ, ഇവിടെ വില്ലനായി വരുന്നത് മുൻ എസ്എഫ്‌ഐ നേതാക്കളാണ്. മുൻ നേതാവിന്റെ പേരിൽ സിപിഎം. സംസ്ഥാന സെക്രട്ടറിക്ക് എസ്.എഫ്.ഐ പരാതി നൽകി. കലോത്സവം തുടങ്ങുംമുൻപ് വിധികർത്താക്കളുടെ വിവരം ചോർത്തിനൽകിയാൽ സംഘാടകർക്ക് അഞ്ചുലക്ഷം രൂപ നൽകാമെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻനേതാവ് വാഗ്ദാനം ചെയ്‌തെന്നാണ് പരാതി.
എസ്.എഫ്.ഐ. മുൻ ജില്ലാസെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ പേരിലാണ് യുവജനോത്സവ പ്രോഗ്രാം സബ്കമ്മിറ്റി കൺവീനറും എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എ.അക്ഷയ് പരാതി നൽകിയത്. യുവജനോത്സവം തുടങ്ങുംമുൻപുതന്നെ നേതൃത്വത്തിനു പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല. യുവജനോത്സവം അലങ്കോലമായതിന്റെ പേരിൽ എസ്.എഫ്.ഐ. പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് സംഘാടകർ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയത്.
നൃത്തയിനം വിധികർത്താക്കളുടെ പാനലിൽ ആരൊക്കെയാണെന്ന വിവരം ചോർത്തിനൽകണമെന്നും പകരമായി അഞ്ചുലക്ഷം രൂപ നൽകാമെന്നും അഭിജിത്ത് ഫോണിലൂടെ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയും സിപിഎം. നേമം ഏരിയാകമ്മിറ്റി അംഗവുമായിരുന്ന അഭിജിത്തിനെ രണ്ടുവർഷം മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ.യുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തശേഷം മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി. വനിതാനേതാവിനോട് മോശമായി പെരുമാറിയെന്ന മാറ്റൊരു പരാതിയും ഉണ്ടായിരുന്നു.
എസ്.എഫ്.ഐ. നേതൃത്വം നൽകുന്ന യൂണിയനെ മറികടന്ന് കേരള സർവകലാശാലാ കലോത്സവത്തിൽ മറ്റൊരു വിഭാഗം പ്രവർത്തകർ ഇടപെട്ടിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് പുതിയ പരാതി. കോഴ ഇടപാട് നടന്നെന്ന പരാതിയിൽ എസ്.എഫ്.ഐ. ഉറച്ചുനിൽക്കുകയാണ്. യൂണിയൻ ചെയർമാൻ വിജയ് വിമൽ കഴിഞ്ഞദിവസം പൊലീസിനു നൽകിയ മൊഴിയിലാണ് കോഴയാരോപണം ആവർത്തിച്ചത്.
കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിലാണ് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ.ഷാജി ഉൾപ്പെടെ 3 പ്രതികളും കോഴ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിന്നത്. എസ്എഫ്‌ഐ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ പറഞ്ഞിരുന്നു.
സംഘാടകർ തെളിവായി നൽകിയ സ്‌ക്രീൻ ഷോട്ടുകൾ മാത്രമാണ് ഇതുവരെ പൊലീസിനു മുന്നിലുള്ളത്. പ്രതിചേർക്കപ്പെട്ട വിധികർത്താവ് പി.എൻ.ഷാജിയുടെയും നൃത്ത പരിശീലകരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോൾ വിവരങ്ങളും ലഭിച്ച ശേഷമേ വിശദമായി അന്വേഷണം നടക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ മൊഴിയെടുക്കലാണ് നടക്കുന്നത്.
യുവജനോത്സവത്തിലെ സംഘർഷവും കോഴ ആരോപണവും വിധികർത്താവിന്റെ മരണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല അധികൃതർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു പകരം നിലവിൽ കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്ന കോഴയുമായി ബന്ധപ്പെട്ട കേസിൽ ഈ വിഷയങ്ങൾ കൂടി ചേർത്ത് വിശദമായി അന്വേഷിക്കും.