- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേട്ടയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി കാറിൽ നിന്ന് പുറത്തിറങ്ങി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ; പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആർഎസ്എസ് ഗവർണർ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവർണർ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഗവർണർ ഉയർത്തി. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. സർവ്വകലാശാല കാവിവൽക്കരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു.
'മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകൾ. മുഖ്യമന്ത്രിയുടെ പാർട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നിൽ. കാർ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവർ മുഖ്യമന്ത്രിയുടെ കാർ ആക്രമിക്കുമോ. കണ്ണൂരിൽ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചുപൊറുക്കില്ല. ജനങ്ങൾക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാൻ ഒരു ക്രിമിനലുകളെയും ഞാൻ അനുവദിക്കില്ല', ഗവർണർ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമർശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതുകൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമർശിച്ച ഗവർണർ, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.
എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണ്.
നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്.
എസ്.എഫ്.ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് 'രക്ഷാപ്രവർത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തന്റെ ഔദ്യോഗിക വാഹനത്തിൽ വന്ന് ഇടിച്ചെന്ന് ഗവർണർ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.




