തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും, മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നുമുള്ള എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസംഗം വിവാദമായിരിക്കുകയാണ്. ഹിന്ദു, മുസ്ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആർഎസ്എസ് നടത്തിയ ശ്രമത്തിന്റെ മറ്റൊരു പകർപ്പാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.

കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിന്റെ പക്ഷത്തല്ല. എല്ലാ മതസ്ഥർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ക്യാമ്പസുകളിൽ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്എഫ്‌ഐ. വിദ്യാർത്ഥികളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവർഗീയ ശക്തികൾക്ക് എതിരാണ് എന്നും എസ്എഫ്‌ഐ.

സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദളിതരെയും വേട്ടയാടുമ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ ഇതിനെതിരെ പ്രതിരോധങ്ങൾ തീർക്കുന്നത് എസ്എഫ്‌ഐ ആണ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഉള്ളതുകൊണ്ടാണ് എബിവിപിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്‌ഐഒയെയും പോലുള്ള മതവർഗീയത പ്രചരിപ്പിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്ക് വിദ്യാർത്ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ട് എന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

നാസർ ഫൈസ് കൂടത്തായിയുടെ വാക്കുകൾ

''ഹിന്ദു, മുസ്‌ലിമിനെ കല്യാണം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതേതരത്വമാകൂ എന്നതാണ് ചിലരുടെ കുടിലതന്ത്രം. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും നേതാക്കളുടെ പിൻബലത്തിൽ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലിംകൾക്ക് വിവാഹം ചെയ്തുകൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോൽസാഹിപ്പിക്കുന്ന സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും എസ്എഫ്‌ഐയുടേയും മതനിഷേധത്തെ ചെറുക്കാൻ മഹല്ല് കമ്മിറ്റികൾ ശക്തമായി സംഘടിച്ചേ മതിയാകൂ'' നാസർ ഫൈസി പറഞ്ഞു. നമ്മൾ, നമ്മുടെ ഇസ്ലാമിക ഐഡന്റിറ്റി കളഞ്ഞുകുളിക്കണമെന്ന രീതിയിലാണ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടാൻ മഹല്ല് ജാഗ്രത പുലർത്തേണ്ടതുണ്ട്. സമുദായത്തിനുള്ളിൽ നിന്നുതന്നെ വിവാഹം കഴിക്കുന്ന രീതിയാണ് ഇന്ത്യയിൽ പിന്തുടർന്നു വരുന്നതെന്നും അതു സംരക്ഷിക്കാൻ മഹല്ല് കമ്മിറ്റികൾ തയാറാകണമെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി നാസർ ഫൈസി രംഗത്തുവന്നു. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്നല്ല താൻ ഉദ്ദേശിച്ചതെന്നും മുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്നു എന്നാണ് അർഥമാക്കിയതെന്നും നാസർ ഫൈസി പറഞ്ഞു. ക്യാംപസുകളിൽ എസ്എഫ്‌ഐ നടത്തുന്ന 'മൈ ബോഡി മൈ ചോയ്‌സ്' ക്യാംപെയ്ൻ ഇതിന്റെ ഭാഗമാണെന്നും സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താൻ പറയുന്നതെന്നും നാസർ ഫൈസി പറഞ്ഞു.