- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്ന് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വിശാലമായ ജനാധിപത്യ പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. അതിനിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരേണ്ടത് പ്രധാനമാണ്. തന്റെ പ്രവർത്തന മേഖലയായ പാലക്കാടിനോട് പദവികൾക്കപ്പുറം വൈകാരികമായ അടുപ്പമാണുള്ളതെന്നും ഷാഫി പറഞ്ഞു.
കോൺഗ്രസ് കരുത്തുറ്റതാകുക എന്നതിന്റെ സാരം ഇന്ത്യാ രാജ്യം ശക്തിപ്പെടുക എന്നതാണെന്നും ഷാഫി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വടകരയിൽ നിന്ന് മുരളീധരൻ മാറിയതോടെ, മുൻ മന്ത്രി കൂടിയായ കെ കെ ശൈലജയെ നേരിടാൻ കരുത്തുറ്റ സ്ഥാനാർത്ഥി എന്ന നിലയിലാണ് യുവനേതാവും, എംഎൽഎയുമായ ഷാഫ് പറമ്പിലിനെ നിയോഗിച്ചത്. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. വടകരയിലെ സിറ്റിങ് എംപി കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർത്ഥിയായി. തിരുവനന്തപുരത്ത് ശശി തരൂർ ഉൾപ്പെടെ മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർക്കു തന്നെ അവസരം നൽകി.