ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. പാർട്ടി വക്താവ് എന്ന തന്റെ പദവി വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്സൈറ്റിലെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഷമ മറുപടി നൽകിയത്.

ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും അവരുടെ വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു കെ. സുധാകരന്റെ പ്രസ്താവന. ഇതിനുള്ള മറുപടിയാണ് ഷമ നൽകിയത്. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ന് ഷമ മുഹമ്മദ് വിമർശിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് എ.ഐ.സി.സി വക്താവ് പാർട്ടിയുടെ ആരുമല്ലെന്ന് സുധാകരൻ മറുപടി നൽകിയത്.

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കേരളത്തിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടിയത്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണം.

സംവരണ സീറ്റല്ലായിരുന്നെങ്കിൽ ആലത്തൂരിൽ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർത്ഥിയുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഒരു വനിതാ മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണെന്നും ഷമ പറഞ്ഞിരുന്നു.

അതിനിടെ ഷമക്കായി ബിജെപി വലവീശുന്നുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കൾ രംഗത്തുവന്നു. ഷമയ്ക്ക് ബിജെപിയിലേക്ക് കടന്ന് വരാമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ നടക്കുന്നത് കുടുംബാധിപത്യമാണ്. അവിടെ ആർക്കും സ്വാതന്ത്ര്യവും ജനാധിപത്യവും സ്ത്രീകൾക്ക് സ്ഥാനവുമില്ലെന്ന് ഗോപാലകൃഷ്ണൻപ്രതികരിച്ചു.