കണ്ണൂർ: മേടച്ചൂടിൽ ചുട്ടുപൊള്ളുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരിലെ മുക്കിലും മൂലയിലുമെത്തി വോട്ടഭ്യർത്ഥിക്കുകയാണ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.സുധാകരൻ. 2019 ൽ താൻ തൊണ്ണൂറായിരത്തിലേറെവോട്ടുകൾക്ക് പിടിച്ചെടുത്ത കണ്ണൂർ എങ്ങനെയെങ്കിലും നില നിർത്തുകയെന്നത് സുധാകരന് മാത്രമല്ല കോൺഗ്രസിനും ജീവൻ മരണ പോരാട്ടമാണ്. എതിർ സ്ഥാനാർത്ഥികളായ എം.വി ജയരാജനും (എൽ.ഡി.എഫ്) സി.രഘുനാഥ് (എൻ.ഡി. എ ) എന്നിവരും കട്ടയ്ക്ക് നിന്നതോടെ സുധാകരൻ എഴുപതു പിന്നിട്ടിട്ടും തന്റെ പോരാട്ടവീര്യം പുറത്തെടുക്കുകയാണ്.

സുധാകരൻ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയതോടെ പാർട്ടിയിൽ എതിർ പാളയത്തിൽ നിന്നിരുന്ന നേതാക്കൾ പോലും കളത്തിലിറങ്ങിയതാണ് കോൺഗ്രസിനുള്ള ആശ്വാസം. പാർട്ടിയിൽ കെ. സുധാകരന്റെ കടുത്ത വിമർശകരിൽ ഒരാളായ മമ്പറം ദിവാകരനെ പുറത്താക്കിയിട്ട് രണ്ടു വർഷമായെങ്കിലും ഗ്രൂപ്പ് പോര് മാറ്റിവെച്ചു സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് മമ്പറം ദിവാകരൻ പിണറായി ടൗണിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്കുള്ള സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകിയതും മമ്പറം ദിവാകാരനാണ്.

കോൺഗ്രസിനായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിച്ച മമ്പറം ദിവാകരൻ തെരഞ്ഞെടുപ്പ് മുറുകിയിരിക്കെ സുധാകരനെ വിജയിപ്പിക്കാനായി അക്ഷീണ പ്രയത്‌നത്തിലാണ് സീറ്റു നിഷേധിക്കപ്പെട്ടതിനു ശേഷം കെ.സുധാകരനുമായി കൊമ്പുകോർത്ത ഡോ.ഷമാ മുഹമ്മദും ഏറ്റവും ഒടുവിൽ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിട്ടുണ്ട്. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഷമ കണ്ണൂരിലെത്തിയത്.

ഷമാ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്ന് സുധാകരൻ നേരത്തെ തള്ളി പറഞ്ഞിരുന്നു. വടകരയിലോ കണ്ണൂരിലോ വനിതാ സ്ഥാനാർത്ഥികൾക്ക് അവസരം നൽകിയില്ലെന്ന് കെപിസിസി നേതൃത്വത്തിനെതിരെ ഷമാ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. എന്നാൽ താൻ എ.ഐ.സി.സി വക്താവാണെന്ന് തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ഷമാ പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഷമ വീണ്ടും പാർട്ടി വേദിയിൽ സജീവമായതെന്നാണ് പുറത്തുവരുന്ന വിവരം.

അഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിൽ മുഴുനീളെ പങ്കെടുത്തു കൊണ്ടു തീപ്പൊരി പ്രസംഗം നടത്തിയാണ് ഷമ വീണ്ടും താരമായത്. വിഘടിച്ചു നിന്ന നേതാക്കൾ കെപിസിസി അധ്യക്ഷൻ കെ.സുധാകരനൊപ്പം രംഗത്തിറങ്ങിയത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനോട് മണ്ഡലം കമ്മിറ്റി ഭാരവാഹിത്വത്തിൽ നിസഹകരിച്ചു നിന്നിരുന്ന എവിഭാഗവും സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയിട്ടുണ്ട്.