തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആദ്യം വിറപ്പിച്ചെങ്കിലും, ഒടുവിൽ നാലാം വട്ടവും തരൂർ ജയിച്ചുകയറി. 16077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ, തരൂർ വീണ്ടും തിരുവനന്തപുരം പിടിച്ചത് തീരദേശ മേഖലയുടെ ബലത്തിലാണ്. അതേസമയം, വോട്ടെണ്ണൽ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടപ്പോൾ, തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന പരാതിയുമായി തരൂർ രംഗത്ത് എത്തി. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ പേരെടുത്ത് പറഞ്ഞാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.

തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ ആക്ഷേപങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒരുകൂട്ടം പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചില്ല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല, ആത്മാർത്ഥമായ പ്രവർത്തനം ഉണ്ടായിട്ടില്ല, തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നിൽ ചില നേതാക്കൾക്ക് പങ്കുണ്ട് തുടങ്ങിയ ആരോപണങ്ങളൊക്കെ പരാതിയിൽ തരൂർ ഉന്നയിക്കുന്നു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവിയെക്കൂടാതെ, കോൺഗ്രസിലെ ചില നേതാക്കൾ കൂടി തനിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണവും തരൂർ ഉയർത്തി. പരാതി ഹൈക്കമാൻഡ് പരിശോധിക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തിരുവനന്തപുരത്തെ മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്നും തരൂർ ആരോപിക്കുന്നുണ്ട്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളാണ് തരൂർ ചൂണ്ടിക്കാട്ടിയത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു തരൂർ ലീഡ് നേടിയത്

വോട്ടെണ്ണലിൽ, ആദ്യം പുറത്തുവന്നതു തരൂരിന്റെ ലീഡായിരുന്നു: 19 വോട്ട്. എന്നാൽ നിമിഷങ്ങൾക്കകം എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. വോട്ടെണ്ണൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തരൂർ 2230 വോട്ടിന്റെ ലീഡ് പിടിച്ചു. വീണ്ടും രാജീവ് ചന്ദ്രശേഖർ. യുഡിഎഫ് പ്രവർത്തകർക്ക് ആശങ്ക സമ്മാനിച്ച മണിക്കൂറുകളായിരുന്നു പിന്നീട്. ലീഡ് രാജീവ് ചന്ദ്രശേഖറിനു മാത്രം. വോട്ടെണ്ണൽ ഒന്നര മണിക്കൂർ എത്തിയപ്പോൾ പിടിച്ച ലീഡ് ക്രമാനുഗതമായി ഉയർത്തി പന്ത്രണ്ടരയോടെ 24000 കടത്തി. എന്നാൽ പിന്നീട് മെല്ലെ കുറഞ്ഞു തുടങ്ങി. ഉച്ചയ്ക്കു കൃത്യം 1.23ന് ആദ്യമായി തരൂരിനു ലീഡ്. 192 വോട്ട്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ കുതിപ്പ് 16077 വോട്ടിന്റെ ഭൂരിപക്ഷം.

2009ലും, 2019ലും വൻ ഭൂരിപക്ഷത്തിനു ജയിച്ച തരൂർ ആ രണ്ടു തിരഞ്ഞെടുപ്പിലും എല്ലാ ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാൽ 2014ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച് 15470 വോട്ടിനു മാത്രം വിജയിച്ച ഘട്ടത്തിൽ അവസാന ഘട്ടം വരെ പിന്നിൽ നിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്.