തിരുവനന്തപുരം: തിരുവനന്തപുരത്ത് മഹല്ല് എമ്പവർ കമ്മിറ്റി ഇന്ന് നടത്തുന്ന ഫലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു ബേബി നടത്തിയ വീഡിയോ സൈബറിടത്തിൽ പ്രചരിച്ചതോടെയാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗത്തെയും പരിപാടിയിൽ നിന്നും ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചത്.

നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ശശി തരൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക. പരിപാടിയിൽ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂർ എംപിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ പ്രസംഗത്തിൽ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമർശിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എംപി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നും ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചത്. തിന് പിന്നാലെയാണ് ബേബി മുൻകാലത്ത് പ്രസംഗിച്ച ഹമാസ് വിരുദ്ധ പ്രസംഗവും പ്രചരിക്കപ്പെട്ടത്. ഇതോടെ ബേബിയെയും ഒഴിവാക്കുകായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവർമെന്റ് മിഷൻ. നേരത്തെ ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ പ്രതികരിച്ച് ബേബി ഹമാസ് നടത്തിയത് പ്രത്യാക്രമണം ആണെന്നാണ് പറഞ്ഞിരുന്നത്. പല മാധ്യമങ്ങളും കാണുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.

നാം സംസാരിക്കുമ്പോൾ ഇസ്രയേൽ സായുധശക്തികൾ നാൽപ്പത് കിലോമീറ്റർ നീളവും 20 കിലോമീറ്റർ മാത്രം വീതിയുമുള്ള ഗസ്സയിലെ 25 ലക്ഷത്തിന് അടുത്തുവരുന്ന ജനങ്ങൾക്കു നേരെ വലിയ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യാക്രമണം എന്ന് പറയുമ്പോൾ കഴിഞ്ഞ ദിവസം രാവിലെ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ഒരു ആക്രമണമുണ്ട്. അതും പ്രത്യാക്രമണമാണെന്ന് നമ്മുടെ പല മാധ്യമങ്ങളും കാണുന്നില്ല. എന്തുകൊണ്ടാണ്?, ബേബി ആരാഞ്ഞു.

ഇക്കൊല്ലം ഇപ്പോഴത്തെ ഈ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുവരെ നാൽപ്പതു കുഞ്ഞുങ്ങൾ അടക്കം 248 ഫലസ്തീൻകാരെയാണ് ഇസ്രയേലികൾ വധിച്ചത്, ബേബി പറഞ്ഞു. സിപിഎമ്മിന്റെ കഴിഞ്ഞ തവണ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രേഖയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്, ഒരു ദിവസം ഒരു ഫലസ്തീൻകാരൻ അല്ലെങ്കിൽ ഫലസ്തീൻകാരി എന്ന വിധത്തിലാണ് ഇസ്രയേലി സേനയുടെ ആക്രമണം നടന്നുവരുന്നത് എന്നുമായിരുന്നു ബേബിയുടെ നിലപാട്.