തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് നേരേയുള്ള എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ശശി തരൂർ എം പി. എസ്എഫ്‌ഐ ഗൂണ്ടകൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടയുകയും, ആക്രമിക്കുകയും ചെയ്ത് ലജ്ജാവഹമെന്ന് അദ്ദേഹം പറഞ്ഞു. ഗവർണറുടെ രോഷം മനസ്സിലാക്കാവുന്നതേയുള്ളു കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, പൊലീസ് നിയമലംഘകരുടെ ഏജന്റുമാരായി മാറിയിരിക്കുകയാണ്. അവർ ഭരണകക്ഷിയുടെ താന്തോന്നിത്തരത്തിന് കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ കൈകാര്യം ചെയ്തപ്പോൾ, ഗവർണർക്കെതിരെയുള്ള ആക്രമണം പൊലീസ് അനുവദിച്ചുകൊടുത്തു. നാണക്കേട്-തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 വകുപ്പ് ചുമത്തി കേസെടുത്തു. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

പ്രതിഷേധക്കാർക്കെതിരെ തുടക്കത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവർണർ രംഗത്തുവന്നിരുന്നു.

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. ഗവർണ്ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെയായിരുന്നും ആദ്യം എഫ്‌ഐആർ ഇട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള രണ്ടുപേരാണ് മുഖ്യമന്ത്രിയും ഗവർണറും. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂരിൽ കെഎസ്.യുക്കാർ ഷൂ എറിഞ്ഞപ്പോൾ ചുമത്തിയത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളായിരുന്നു. എന്നാൽ ഗവർണറുടെ വാഹനം തടഞ്ഞിട്ട്, വാഹനത്തിൽ ഇടിക്കുകയും ഇരച്ചെത്തുകയും ചെയ്ത എസ്എഫ്‌ഐക്കാർക്കെതിരെ ഇത്തരം വകുപ്പുകളൊന്നുമില്ലാതെയായിരുന്നു പൊലീസിന്റെ എഫ്‌ഐആർ. കലാപാഹ്വാനം, ഗവർണ്ണറെ കരിങ്കോടി കാണിച്ചു, ഗതാഗതം തടസ്സപ്പെടുത്തി, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തി എന്നിവ മാത്രമായിരുന്നു കുറ്റങ്ങൾ.