തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ, യുവാക്കൾ പിടിച്ചെടുക്കണമെന്ന ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ശശി തരൂർ എംപിയുടെ ശ്രദ്ധേയമായ പ്രതികരണം. ഈ തവണക്ക് ശേഷം തിരുവനന്തപുരത്തു നിന്നും മാറണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് തരൂരിന്റെ പരാമർശം. ചെറുപ്പക്കാർക്ക് കോൺഗ്രസ് അവസരം നൽകണം. ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസറായി യൂത്ത് കോൺഗ്രസ് മാറണം. ഭരണ വിരുദ്ധ വികാരം ആളി കത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ജനഹിതം മാനിച്ചുള്ള പുതിയ കർമ്മമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും വീണ്ടും സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ കഴിയും. ഈ ജനാധിപത്യ യുഗത്തിലും അധികാരം സർവാധിപത്യം ആക്കുന്നവർക്കെതിരെ പോരാടേണ്ടത് യുവാക്കളുടെ കടമയാണെന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.

ഫേസ് ബുക്കിന്റെ പൂർണ രൂപം

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണം. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണം.

ഭരണ വിരുദ്ധ വികാരം ആളി കത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ജനഹിതം മാനിച്ചുള്ള പുതിയ കർമ്മമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും വീണ്ടും സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ കഴിയും. ഈ ജനാധിപത്യ യുഗത്തിലും അധികാരം സർവാധിപത്യം ആക്കുന്നവർക്കെതിരെ പോരാടേണ്ടത് യുവാക്കളുടെ കടമയാണ്.

കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരു തലമുറ മാറ്റം അനിവാര്യമാണ്. കാൽനൂറ്റാണ്ടിലേറെയായി യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ പുതുരക്തപ്രവാഹം നിലച്ചു. ഒരു യുവജന മുന്നേറ്റത്തിലൂടെ മാത്രമേ കോൺഗ്രസിന് തിരിച്ചു വരാനാവൂ.

കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ് ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത്. സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി യൂത്ത് കോൺഗ്രസ് വ്യക്തിത്വം ബലി കഴിക്കരുത്.