തിരുവനന്തപുരം: തനിക്ക് എതിരെ അസത്യ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിന് ശശി തരൂർ മറുപടി നൽകി. വോട്ടർമാർക്ക് എൻ ഡി എ സ്ഥാനാർത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ലെന്ന് മറുപടിയിൽ തരൂർ ചൂണ്ടിക്കാട്ടി.

രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയിൽ പറയുന്നു.വൈദികരെ ഉൾപ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയിൽ പണം നൽകാനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നുവെന്ന് ശശി തരൂർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞതായാണ് എൻ.ഡി.എ നേതാക്കൾ പരാതി നൽകിയത്.

തനിക്കെതിരായ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ മാപ്പു പറയണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടിസിലെ ആവശ്യം. കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ശശി തരൂർ, രാജീവ് ചന്ദ്രശേഖറിന് എതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതായി നോട്ടീസിൽ പറയുന്നു. രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തെന്നും ക്രിസ്ത്യൻ വിഭാഗത്തിന് ഇടയിൽ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞതായി നോട്ടിസിലുണ്ട്. ശശി തരൂർ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നും നോട്ടിസിൽ പറയുന്നു. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തിനു മുൻപിൽ തരൂർ മാപ്പ് പറയണമെന്നാണ് ആവശ്യം.

പ്രസ്താവനയ്ക്ക് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അല്ലാത്ത പക്ഷം അപമാനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പിന് ശ്രമിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.