- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒ രാജഗോപാലിന്റേത് സന്യാസ ജീവിതം; പാർട്ടി പറഞ്ഞിട്ടാകാം അദ്ദേഹം നിലപാട് മാറ്റിയത്; രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു; അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു; ബിജെപി നേതാവിന്റെ പ്രസ്താവനയിൽ ശശി തരൂരിന്റെ പ്രതികരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസ്താവന ബിജെപിക്ക് വലിയക്ഷീണമാണ് ഉണ്ടാക്കിയത്. ഈ പ്രസ്താവന പിന്നീട് രാജഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ തിരുത്തുകയും ചെയതു. ഇതേക്കുറിച്ചു പ്രതികരണവുമായി ശശി തരൂർ എംപി രംഗത്തുവന്നു. പാർട്ടി പറഞ്ഞതിനാലാകാം രാജഗോപാൽ നിലപാട് മാറ്റിയതെന്ന് തരൂർ പറഞ്ഞു.
അദ്ദേഹം തന്റെ കയ്യിൽ നിന്നോ കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ഒരു സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്. പരസ്പര ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് മത്സരിച്ചത്. രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു. അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു. അവസാനം തീരുമാനമെടുക്കേണ്ടത് വോട്ടർമാരാണ്.
രാജ്യം മുഴുവൻ ബിജെപിക്ക് എതിരായി നിൽക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. തന്റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാൽ തന്റെ നിലപാട് വ്യക്തമാകും. ഇടതുപക്ഷത്തുള്ളവർ പത്ത് വർഷമായി താൻ ബിജെപിയിലേക്ക് ചാടുമെന്ന് പറയുന്നു - അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിനെ പ്രകീർത്തിച്ച രാജഗോപാൽ തന്റെ പ്രസംഗം വാർത്തയായതിന് പിന്നാലെ തന്റെ നിലപാട് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് തരൂരിനെ തോൽപ്പിക്കാനാകില്ലെന്ന് പ്രസംഗത്തിൽ പറഞ്ഞ രാജഗോപാൽ പിന്നാലെ താൻ അത് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും വ്യക്തമാക്കി.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോയാണ് ഒ രാജഗോപാൽ പ്രസ്താവന തിരുത്തിയത്. മുതിർന്ന നേതാവായതു കൊണ്ട് തന്നെ ബിജെപിക്ക് നേതൃത്വം രാജഗോപാലിനെ പരസ്യമായി തള്ളി പറയില്ല. നടപടികളും എടുക്കില്ല. നിയമസഭയിൽ ബിജെപിക്കായി അക്കൗണ്ട് തുറന്ന നേതാവാണ് രാജഗോപാൽ. ജനകീയനായ ഈ നേതാവ് തരൂരിനെ പുകഴ്ത്തിയത് ബിജെപിക്ക് എല്ലാ അർത്ഥത്തിലും തലവേദനയാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം. ദേശീയ നേതാക്കൾ പോലും മത്സരിക്കുമെന്ന വിലയിരുത്തലെത്തി. നിലവിൽ നടൻ കൃഷ്ണകുമാറിനാണ് സ്ഥാനാർത്ഥിയാകാനുള്ള കൂടുതൽ സാധ്യത.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരിഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാമത്. ഇതിൽ ആദ്യ തവണ രാജഗോപാലാണ് തരൂരിനെതിരെ മത്സരിച്ചത്. അന്ന് വീറോടെയാണ് ബിജെപി മത്സരിച്ചത്. അവസാന റൗണ്ടിലാണ് രാജഗോപാൽ പിന്നിൽ പോയതും. അതുകൊണ്ട് തന്നെ തരൂർ ജയിക്കുമെന്ന രാജഗോപാലിന്റെ പ്രസ്താവനയ്ക്ക് പല തലമുണ്ടായി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പോലും അസ്വസ്ഥരാക്കി. ഇത് കേരളാ നേതൃത്വത്തേയും ധരിപ്പിച്ചു. തുടർന്നാണ് രാജഗോപാൽ തിരുത്തൽ നടത്തിയത്
രാജഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് ഇങ്ങനെ
ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.
മാത്രവുമല്ല നിലവിൽ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....
മറുനാടന് മലയാളി ബ്യൂറോ