തിരുവനന്തപുരം: മാസപ്പടി കേസിൽ കെ.എസ്‌ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? എക്‌സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്.എഫ്.ഐ.ഒയ്ക്ക് നൽകി.

സി.എം.ആർ.എല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്‌സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്.എഫ്.ഐ.ഒയും അന്വേഷണം തുടങ്ങിയത്. എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇന്ന് ഒറ്റ വരി വിധി പ്രസ്താവനയിൽ ജസ്റ്റിസ് എം നാഗപ്രസന്ന തള്ളിയത്.