കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ പറഞ്ഞതിന് മറുപടി നൽകിയാണ് ഷിബു രംഗത്തുവന്നത്. നരേന്ദ്ര മോദിയെ ദൈവത്തെ പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെന്നായിരുന്നു ഗണേശിന്റെ ആരോപണം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിലെ പൂജാമുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം കണ്ടേക്കുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഇതിന് മറുപടിയായി കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ചൂണ്ടിക്കാണിച്ച ഷിബു ബേബി ജോൺ രണ്ടാം സ്ഥാനം എൽ ഡി എഫിനാണെന്നും ചൂണ്ടിക്കാണിച്ചു. കിടപ്പ് മുറിയിൽ നിന്ന് ഗണേശ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പരിഹാസം. പൈതൃകം വ്യതിചലിച്ച് താൻ പോയിട്ടില്ല. ഗണേശിന്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

തീരദേശ-തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സഹായം കിട്ടും മുൻപ് തന്നെ ക്ഷേമ പെൻഷൻ കേരളത്തിൽ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ കേരളത്തിൽ യുഡിഎഫിന്റെ ആളും ഡൽഹിയിൽ ചെന്നാൽ മോദിയുടെ ആളുമാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെന്നും മന്ത്രി കെ ബി ഗണേശ്‌കുമാർ പറഞ്ഞിരുന്നു. ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിത ശേഷം മോദി അബുദാബിയിൽ പോയി അമ്പലം ഉദ്ഘാടനം ചെയ്തുവെന്നും ഇത്തരത്തിൽ പൊരുമാറാൻ മോദിക്ക് ലജ്ജയില്ലേ എന്നും മന്ത്രി കെ ബി ഗണേശ് കുമാർ ചോദിച്ചു. ജീവിതത്തിൽ നോമ്പ് കഞ്ഞി കാണാത്ത വിധത്തിൽ തള്ളവിരൽ നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപിയെന്നും മന്ത്രി പരിഹസിച്ചു.

നടന്ന് കള്ളം പറയുന്നയാളാണ് എൻ.കെ പ്രേമചന്ദ്രനെന്നും മന്ത്രി പരിഹസിച്ചു. ഡൽഹിയിൽ ചെന്നാൽ മോദിയുടെ ആളാണെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബോബനും മോളിയുമാണെന്നും മന്ത്രി ഗണേശ് കുമാർ പറഞ്ഞു. കൂടെ നടക്കുന്ന പൂച്ചയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം പരിഹസിച്ചു.