- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ ബാങ്കിൽ ലീഗ് പ്രതിനിധി എത്തിയത് യുഡിഎഫിൽ ചർച്ച ചെയ്യാതെ; ശക്തമായ അമർഷമുണ്ടെങ്കിലും കടിച്ചമർത്തി കോൺഗ്രസ്; അതൃപ്തിയിൽ സിഎംപിയും ആർഎസ്എപിയും; സഹകരണ മേഖലയിലെ പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
കൊല്ലം: കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തിൽ യുഡിഎഫിനുള്ളിൽ അമർഷം പുകയുകയാണ്. സഹകരണ രംഗത്തെ സഹകരണമാണെന്ന് വിശദീകരിക്കുമ്പോഴും എൽഡിഎഫ് മുന്നണിയിലേക്കുള്ള കാലുവെപ്പാണെന്ന സംശയം കോൺഗ്രസിൽ ശക്തമാണ്. കുറച്ചു കാലമായി തന്നെ ലീഗ് സിപിഎമ്മിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഇതെല്ലാം നിരീക്ഷിക്കുന്ന കോൺഗ്രസ് ഇപ്പോഴത്തെ സാഹചര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറാല്ല. അമർഷമുണ്ടെങ്കിലും തൽക്കാലം അത് കടിച്ചമർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
എല്ലാ വിഷയത്തിലും മുസ്ലിം ലീഗ് തീരുമാനം സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ച് പിണക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെ ആർഎസ്‌പിക്കും സിഎംപിക്കും അതൃപ്തിയുണ്ട്. പരസ്യ പ്രതിഷേധത്തിന് നേതാക്കൾ തയ്യാറായിട്ടില്ലെങ്കിലും കേരള ബാങ്കിന്റെ ഭരണ പങ്കാളിത്തത്തിൽ തീരുമാനം യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷം സ്വീകരിക്കണമായിരുന്നുവെന്ന നിലപാടിലാണ് നേതാക്കൾ.
സഹകരണ മേഖലയിൽ സർക്കാർ വിളിച്ച സെമിനാറുകളിൽ പങ്കെടുക്കാനായിരുന്നു യുഡിഎഫ് മുന്നണി യോഗത്തിലെ ധാരണയെന്നും കേരള ബാങ്കിന്റെ ഭരണസമിതി പങ്കാളിത്തത്തിന് ആയിരുന്നില്ലെന്നും നേതാക്കൾ പറയുന്നു. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എംഎൽഎയെ ഉൾപ്പെടുത്തുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഷിബു ബേബി ജോൺ തന്റെ അതൃപ്തി പറയാതെ പറഞ്ഞിട്ടുണ്ട്. സാങ്കേതികമായി ശരിയാണെന്നും എന്നാൽ ലീഗ് നേതൃത്വം നിലവിലെ ചില സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളുടെ നിലവിലെ സാഹചര്യത്തിൽ അതിന്റെ പാപഭാരം ഏറ്റെടുക്കണോ എന്ന് ലീഗ് പരിശോധിക്കണം. യുഡിഫിൽ നിന്നും കേരളം കൂടുതൽ സമരം പ്രതീക്ഷിക്കുന്നുണ്ട്. കുറേക്കൂടി ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്.
മുസ്ലിം ലീഗിനെ കേരള ബാങ്കിലേക്ക് തെരഞ്ഞെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. കുറേക്കാലമായി സിപിഎം മുസ്ലിം ലീഗിന്റെ പിന്നാലെയാണെന്നും അധികാരം നഷ്ടപ്പെടുമെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങമമെന്ന തോന്നൽ മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകാൻ എട്ട് വർഷം വേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെറ്റ തള്ളയെ എട്ട് ലക്ഷം രൂപക്ക് കൊല്ലുന്നത് ആണോ നവകേരളമെന്നും ലഹരി ഉപയോഗം കൂടിയതാണോ നവകേരളമെന്നും ചോദിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ മറ്റ് സ്ഥലങ്ങളിലേക്ക് കേരളത്തിലെ യുവാക്കൾ പലായനം ചെയ്യുന്നത് ആണോ നവകേരളമെന്നും വിമർശിച്ചു.
നവ കേരള സദസ്സ് യാത്ര വഴി എന്താണ് തെളിയുന്നതെന്നും നവകേരള യാത്ര ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ഇത് വൃത്തികെട്ട സംസ്‌ക്കാരവും അധികാര ദുർവിനിയോഗവുമാണെന്നും അദ്ദേഹം കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.
വള്ളിക്കുന്ന് എംഎൽഎയെയാണ് മുസ്ലിം ലീഗ് പ്രതിനിധിയായി കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നിയമപോരാട്ടം നടത്തുന്നതിനിടെയാണിത്. നേരത്തെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചതും, ഇതിൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞതും ഈയടുത്താണ്. റാലിയിൽ പങ്കെടുക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ താത്പര്യം. എന്നാൽ മുന്നണി താത്പര്യം പരിഗണിച്ചാണ് ഇതിൽ നിന്ന് പിന്മാറിയത്. മുസ്ലിം ലീഗിന്റെ എല്ലാ തീരുമാനങ്ങളിലേക്കും കയറി ഇടപെടേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്.
കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ നാമനിർദ്ദേശം ചെയ്തത് കോൺഗ്രസ് നേതൃത്വം അറിയാതെ. യുഡിഎഫിലും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതിലെ അതൃപ്തി യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ വിവാദത്തിനില്ലെന്നാണു കോൺഗ്രസ് നിലപാട്.
കേരള ബാങ്കിനെതിരെ നിയമസഭയിലും പുറത്തും യുഡിഎഫും കോൺഗ്രസും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കെ ബാങ്കിന്റെ ഭരണസമിതിയിൽ യുഡിഎഫ് അംഗത്തെ ഉൾപ്പെടുത്തുന്നത് മുൻകൂട്ടി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്ന വികാരമാണ് കോൺഗ്രസിന്. പാർട്ടിയുടെ രാഷ്ട്രീയ വേദികളിലേക്കു ലീഗിനെ സ്ഥിരമായി ക്ഷണിക്കുന്ന സമീപനത്തിലേക്ക് സിപിഎം എത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നീക്കത്തെ നിഷ്‌കളങ്കമായി കോൺഗ്രസ് കാണുന്നില്ല.
രാഷ്ട്രീയ വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നാണ് ലീഗ് നേതൃത്വം യുഡിഎഫിനെ അറിയിച്ചത്. അറിയപ്പെടുന്ന സഹകാരിയാണ് അബ്ദുൽ ഹമീദ്. മലപ്പുറം ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുമ്പോൾ ബാങ്കിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഭരണസമിതിയിൽ ലീഗിനു പ്രാതിനിധ്യം ഉണ്ടാകുന്നതു ഗുണം ചെയ്യുമെന്നാണു ലീഗ് നിലപാട്.
കേരള ബാങ്ക് ഭരണ സമിതിയംഗമായി ചുമതലയേറ്റതോടെ പി.അബ്ദുൽ ഹമീദ് വഹിക്കുന്ന പദവികളുടെ എണ്ണവും പാർട്ടിക്കുള്ളിൽ ചർച്ചയായി. ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം കർശനമായി നടപ്പാക്കൽ പാർട്ടി നയമായി സ്വീകരിച്ചിരിക്കെയാണ് അബ്ദുൽ ഹമീദ് പ്രധാനപ്പെട്ട 4 പദവികൾ വഹിക്കുന്നതെന്നാണ് എതിർപ്പുള്ളവരുടെ ആരോപണം. എംഎൽഎ, ജില്ലാ ജനറൽ സെക്രട്ടറി, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് പദവികളാണ് അദ്ദേഹം വഹിക്കുന്നത്.




