കോഴിക്കോട്: സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം. സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് ശോഭ സുരേന്ദ്രനുമായി നേരിട്ടു ചർച്ച നടത്തും. മുതിർന്ന ആർ എസ് എസ് പ്രചാരകനാണ് സുഭാഷ്. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ അതിവിശ്വസ്തനായ ഗണേശിനെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് ആർ എസ് എസ് യോഗമാണ്. അതിന് ശേഷം സുഭാഷിന് നിർണ്ണായക ചുമതല നൽകി. ആർ എസ് എസ് നിലപാട് കൂടി മനസ്സിലാക്കിയാണ് ശോഭാ സുരേന്ദ്രനുമായി കെ സുഭാഷ് ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ജനകീയ നേതാവായ ശോഭ സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നത് പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇത്തരം വിമർശനങ്ങൾ പാടില്ലെന്ന് ശോഭയെ സുഭാഷ് അറിയിക്കും. പാർട്ടിയിൽ ഒറ്റപ്പെടുത്തില്ലെന്ന സൂചനയും നൽകും. പികെ കൃഷ്ണദാസും കുമ്മനം രാജശേഖരനുമെല്ലാം ശോഭയ്ക്ക് അനുകൂല നിലപാടാണ് എടുക്കുന്നത്.

സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ സുരേന്ദ്രൻ. ഇതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ശോഭ ഉയർത്തുന്ന വിഷയങ്ങളിൽ വസ്തുതകളുണ്ടെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടു കൂടിയാണ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനറൽ സെക്രട്ടറി കെ.സുഭാഷ് ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് അടുത്ത ദിവസം ചർച്ച നടത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. ശോഭാ സുരേന്ദ്രനെ നിർണ്ണായക പദവിയിലേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്. എന്നാൽ ഇതിന് സുരേന്ദ്രൻ പക്ഷം എതിരാണ്. ശോഭയെ പുറത്താക്കണമെന്നതാണ് അവരുടെ നിലപാട്. അതുകൊണ്ട് തന്നെ ആർ എസ് എസ് എടുക്കുന്ന നിലപാട് ഈ വിഷയത്തിൽ നിർണ്ണായകമാകും.

കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നൽകണമെന്നുമാണ് ശോഭ സുരേന്ദ്രൻ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. സന്തോഷിന്റെ പിന്തുണ സുരേന്ദ്രനൊപ്പമാണ്. ആറ്റിങ്ങലിൽ ശോഭ മത്സരിക്കണമെന്ന പൊതു വികാരം പാർട്ടി പ്രവർത്തകർക്കുണ്ട്. എന്നാൽ കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രചരണത്തിൽ സജീവവുമാണ്. ഈ സാഹചര്യത്തിൽ ആറ്റിങ്ങലിൽ ശോഭ ഭീഷണിയാകാതിരിക്കാൻ കൂടിയാണ് നേതൃത്വം ഒത്തുതീർപ്പിന് എത്തുന്നത്. വിവിധ പരിപാടികളുമായി ആറ്റിങ്ങൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ് മുരളീധരൻ. തിരുവനന്തപുരം സീറ്റിനു വേണ്ടിയുള്ള ശ്രമം ഫലം കാണാതായതോടെയാണ് ആറ്റിങ്ങൽ കേന്ദ്രീകരിക്കാനുള്ള മുരളീധരന്റെ നീക്കം.

ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ. 2019ൽ 24 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. ജയ സാധ്യതയിൽ സംശയം ഉണ്ടെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ പറ്റുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്നതുകൊണ്ടാണ് തിരുവനന്തപുരത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതെന്നും എല്ലാ സ്ഥലങ്ങളും ഇഷ്ടമാണെന്നുമാണ് മുരളീധരൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും മണ്ഡലത്തിലെ പരിപാടികളിൽ കേന്ദ്ര സഹമന്ത്രിയുടെ സാന്നിധ്യമുണ്ട്.

വർക്കല, ആറ്റിങ്ങൽ നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി ജനപ്രതിനിധികൾക്കായി കഴിഞ്ഞ ദിവസം നടന്ന ശില്പശാലയിൽ മുരളീധരൻ മണിക്കൂറുകളാണ് ചെലവിട്ടത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു പരിപാടി. കഴിഞ്ഞ തവണ മത്സരിച്ച ശോഭാ സുരേന്ദ്രന് വീണ്ടും ടിക്കറ്റില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതിന്റെ കൂടി ധൈര്യത്തിലാണ് മണ്ഡലം കേന്ദ്രീകരിച്ചുള്ള മുരളീധരന്റെ പ്രവർത്തനങ്ങൾ. എന്നാൽ കഴിഞ്ഞ തവണ താൻ വോട്ടുയർത്തിയ മണ്ഡലത്തിൽ തനിക്ക് തന്നെ മത്സരിക്കണമെന്ന നിലപാട് ശോഭാ സുരേന്ദ്രൻ സ്വീകരിക്കുന്നത്. തെണ്ണൂറായിരം വോട്ടിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക് വോട്ട് ഉയർത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ നിലപാടിൽ ഉറച്ചുനിൽക്കുന്നത്.

ശോഭ സുരേന്ദ്രനെ ബിജെപിയുടെ കോഴിക്കോട്ടെ രാപകൽ സമരത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതു സംബന്ധിച്ച് പാർട്ടിയുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ ഉയർന്ന വിമർശനങ്ങളിൽ നടപടിയുണ്ടാവില്ലെന്നാണു സൂചന. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട വാട്‌സാപ് ഗ്രൂപ്പ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഗ്രൂപ്പല്ല. ബിജെപി ഭാരവാഹികൾക്കും മണ്ഡലം നേതാക്കൾക്കുമൊക്കെ ഔദ്യോഗിക ഗ്രൂപ്പുകൾ വേറെയുണ്ട്. ബിജെപിയുടെ പരിപാടികൾ ബൂത്ത് തലം വരെ പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ച ഗ്രൂപ്പിലാണ് ശോഭ സുരേന്ദ്രനെതിരെ ആരോപണം ഉയർന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കൂടുതൽ നടപടി ഉണ്ടാവില്ലെന്നാണ് ജില്ലാ നേതാക്കൾ പറഞ്ഞത്.