തൃശൂർ: തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ തുറന്നടിച്ചത് ബിജെപിയിലെ എതിരാളികളെ ലക്ഷ്യമിട്ടായിരുന്നു. തനിക്കെതിരെ ആർക്കെങ്കിലും പരാതി നൽകണമെന്നുണ്ടെങ്കിൽ വിമാനടിക്കറ്റ് എടുത്ത് പൈസയും കളഞ്ഞ് സുരേന്ദ്രന് പോകേണ്ടതില്ല. ഇവിടെ നിന്ന് ഇ മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരെയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചിരുന്നു. ഏതായാലും ആരും ഊരുവിലക്കില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാക്കുകൾ ശരിയായി. ശോഭയും ഇനി കേരള നേതൃത്വത്തിന്റെ ഭാഗം.

രണ്ട് ദിവസം മുമ്പ് ശോഭ അതിശക്തമായ പ്രതികരണം നടത്തിയിരുന്നു. കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത വീട്ടിൽ ജനിച്ച്, സാധാരണ ഗ്രാമത്തിൽ നിന്ന് തുടങ്ങി, ഭക്ഷണത്തിന് മാർഗമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയനേതാവല്ല താൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത് ശോഭാ സുരേന്ദ്രനെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ അഞ്ചെട്ടു വർഷം ദേശീയ നേതൃത്വം നൽകിയ ചുമതലകളും ജോലികളും കൃത്യമായ ചെയ്ത സാധാരണക്കാരിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുകയോ വേദനപ്പിക്കുന്നുമില്ല. ഒരു തീരുമാനമെടുത്ത് ഗ്രൗണ്ടിലിറങ്ങിയാൽ പിന്മാറുന്ന സ്വഭാവവുമില്ല. ബിജെപിയുടെ പ്രവർത്തനം സുതാര്യമായി തന്നെ മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. പിന്നാലെയാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിയമിച്ചത്.

പ്രകാശ് ജാവദേകർ അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് നിലവിൽ കൃഷ്ണദാസ് പക്ഷത്തിനൊപ്പമുള്ള കോഴിക്കോട് ജില്ലയുടെ ചുമതല ശോഭയ്ക്ക് നൽകുന്നത്. ഇവിടെയുള്ള ജില്ലാ നേതാക്കളുടെ പിന്തുണ ശോഭയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് ശോഭ പ്രവർത്തനം തുടരും. ബിജെപിയുടെ കേരളത്തിലെ സംഘടനാ ജനറൽ സെക്രട്ടറി സുഭാഷിന്റെ നിലപാടും ശോഭയ്ക്ക് അനുകൂലമായി. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിനും ശോഭയെ ഒഴിവാക്കുന്നതിൽ എതിരഭിപ്രായമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ശോഭയ്ക്ക് ചുമതല നൽകുന്നത്. ഇതോടെ കേരളാ ബിജെപിയിലെ പരസ്യ വിഴുപ്പഴക്കലുകളും നിലയ്ക്കും. പാർട്ടി പരിപാടികളിൽ ശോഭ പങ്കെടുക്കും.

കഴിഞ്ഞ മൂന്നാഴ്ചയായി കോഴിക്കോട്ടെ വിവിധ പരിപാടികളിൽ ശോഭാ സുരേന്ദ്രൻ ഉദ്ഘാടകയായി എത്തിയിരുന്നു. മെഡിക്കൽ കോളജിൽ ഹർഷിനയുടെ സമരവേദിയിൽ ബിജെപിയുടെ അനുഭാവസമരം ഉദ്ഘാടനം ചെയ്തത് ശോഭയാണ്. ഫിഷറീസ് മേഖലാ കാര്യാലയത്തിനുമുന്നിൽ ബിജെപി നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തതും ശോഭയാണ്. സമരങ്ങളിൽ മുന്നിൽനിന്നു നയിച്ച പരിചയമുള്ള ശോഭാ സുരേന്ദ്രന്റെ നേതൃത്വം കോഴിക്കോട്ടെ വിവിധ അഴിമതി വിഷയങ്ങളിൽ സമരം തുടങ്ങാനിരിക്കുന്ന ബിജെപിക്ക് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ. കോഴിക്കോട് വലിയ മുന്നേറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നുണ്ട്. വമ്പൻ വ്യക്തി കോഴിക്കോട് ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ട്.

കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന കെ.ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നൽകിയിട്ടുണ്ട്. കോഴിക്കോട്ടുകാരനായ സംസ്ഥാന വൈസ്പ്രസിഡന്റ് പി.രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെ.പി.പ്രകാശ്ബാബുവിന് കോട്ടയത്തിന്റെ ചുമതലയുമാണ് നൽകിയിരിക്കുന്നത്. സംസ്ഥാന ജന.സെക്രട്ടറി എം ടി.രമേശിന് ഉത്തരമേഖലയുടെ ചുമതലയും നൽകിയിട്ടുണ്ട്. ഇതിനുപുറമേ കർഷകമോർച്ചയുടെ ഉത്തരവാദിത്തമുള്ള പ്രഭാരിയും രമേശാണ്. അരബിന്ദോ കൾചറൽ സൊസൈറ്റിയുടെ ചുമതല കെ.പി.ശ്രീശനു നൽകി. മുൻ ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി. അങ്ങനെ ശോഭാ സുരേന്ദ്രനെ ഉൾക്കൊള്ളാൻ മറ്റു ചില മാറ്റങ്ങളും ബിജെപിക്ക് വേണ്ടി വന്നു.

ശോഭ സുരേന്ദ്രനെ കോഴിക്കോട് പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ രൂക്ഷമായ തർക്കം ഉണ്ടായിരുന്നു. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭാ സുരേന്ദ്രനെ കോഴിക്കോട് നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് BJP KOZHIKODE DIST എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് തർക്കം നടന്നത്. വി. മുരളീധരപക്ഷമാണ് തർക്കവുമായി രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനാണ് ശോഭ സുരേന്ദ്രനെ നിശ്ചയിച്ചത്.

മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നു എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തെക്കുറിച്ച് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല. ബിജെപിയിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാനാണ് തീരുമാനം. പി കെ കൃഷ്ണദാസ് പാർട്ടിയിലെ മുതിർന്ന നേതാവാണ്. അദ്ദേഹത്തെ കാണുന്നത് സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.