ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഏവരേയും ഞെട്ടിച്ചു. വ്യാജ വാർത്ത നൽകി പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ കരച്ചിലിന്റെ വക്കോളമെത്തിയാണ് ശോഭാ സുരേന്ദ്രൻ സംസാരിച്ചത്. ജില്ലാ നേതൃത്വത്തിന് തന്നെ താൽപര്യമില്ലെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ തന്നെ തകർക്കാനായാണ് കൊടുക്കുന്നതെന്നും ഇനിയും ഇങ്ങനെയുണ്ടായാൽ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അങ്ങനെ അവർ ആ വാർത്ത പൊളിച്ചു.

ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന മാധ്യമവാർത്ത തള്ളിയാണ് ശോഭ പത്രസമ്മേളനം നടത്തിയത്. വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. ഈ സ്ഥാപനമാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയത്. വാർത്ത പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വന്നത് ആരാണെന്നും അവരെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ തെളിവ് സഹിതം വെളിപ്പെടുത്തുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഏവരേയും ഞെട്ടിച്ചു. ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ വാർത്താസമ്മേളനം. മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയിൽ ത്രികോണ മൽസരം എന്ന സാഹചര്യം ഉണ്ടാക്കിയത്, വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ചുപറഞ്ഞു. വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്‌ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാൻ ആണെന്ന് പറഞ്ഞു, താൻ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനൽ സർവേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രൻ.

ശോഭ സുരേന്ദ്രന്റെ വാക്കുകൾ ...

'ഇന്ന് മീനമാസത്തിലെ ഉത്രട്ടാതി. എന്റെ 50-ാം പിറന്നാൾ. പ്രമുഖ ചാനൽ താൻ ബിജെപി നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന വാർത്ത നൽകി. ഈ വാർത്ത നൽകിയ ചാനലിന്റെ റിപ്പോർട്ടർക്ക് എന്നെ വിളിച്ച് സത്യാവസ്ഥ ആരായാനുള്ള സമയമുണ്ടായിരുന്നു. പക്ഷേ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ ജയിക്കണ്ട എന്നതിന്റെ കാരണം ഇന്നലെ രാത്രി തീരുമാനിച്ചതാണ്. ഈ ചാനൽ ഉടമയുടെ അനുയായിയായ തൃശൂർക്കാരൻ ഇന്നലെ എന്നെ കാണാൻ വന്നിരുന്നു. തന്നോട് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തരുതെന്നാണ്. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കിൽ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തും എന്ന് പറയാൻ ഒരു ഉപദേശകന്റെ രൂപത്തിൽ വന്നു. നിങ്ങളുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ആവശ്യമായ മുഴുവൻ പണവും ഞാൻ തരാമെന്ന് പറഞ്ഞ ഏജന്റിനെ വിട്ട കരിമണൽ കർത്തയും കെ.സി വേണുഗോപാലും ഈ വ്യക്തിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.

ഇത് 9മത്തെ തെരഞ്ഞെടുപ്പാണ്. ഒരു മുതലാളിയുടെയും അടുത്ത് പോയി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണമെന്ന് പറഞ്ഞിട്ടില്ല. ആലപ്പുഴയിൽ താൻ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് തനിക്കെതിരായ ഈ നീക്കം. കെസി വേണുഗോപാലിന് വേണ്ടി കരിമണൽ കർത്തയ്ക്ക് വേണ്ടി ഈ ചാനൽ പണിയെടുത്തിട്ടുണ്ടെങ്കിൽ ഇവിടുത്തെ ബിജെപി പ്രവർത്തകരും താനും നേതാക്കളും ഈ വൃത്തിക്കെട്ട ചാനലിന് മുന്നിൽ ഭക്ഷണം പോലും കഴിക്കാതെ നിരാഹരമിരിക്കും. ഇതിന് തന്റേടമുള്ള സ്ത്രീയോടാണ് നിങ്ങൾ വൃത്തിക്കെട്ട മാധ്യമ പ്രവർത്തനം നടത്തിയത്. അടിയന്തിരമായി നിങ്ങൾ നൽകിയ വ്യാജ വാർത്ത പിൻവലിച്ചില്ലെങ്കിൽ എന്നെ കാണാൻ വന്ന ആളുടെ പേര്, മുതലാളിയുടെ പേര്, വന്ന കാറ്, സമയം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തും."