തിരുവനന്തപുരം: ഇടതുപക്ഷത്തിനായി വേറിട്ട പ്രചരണവുമായി ശോഭനാ ജോർജ്. എന്തുകൊണ്ട് ഇടതുപക്ഷം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പാട്ടിലൂടെ പറയുകയാണ് ശോഭനാ ജോർജ്. പാട്ടെഴുതി പാടിയതും ശോഭനാ ജോർജ് തന്നെ. സൈബറിടങ്ങളിൽ വൈറലാണ് ശോഭനാ ജോർജ്ജിന്റെ ഈ ഗാനം. കുഞ്ഞു മകളുമൊത്ത് ചെങ്കൊടി പിടിച്ചുള്ള ചിത്രീകരണവും പാട്ടിനെ ശ്രദ്ധേയമാക്കുന്നു.

ജന നന്മക്കായി എൽഎഡിഎഫ്. ജന രക്ഷ കായ് എൽഎഡിഎഫ്. മതസൗഹർദ്ധത്തിനായ് എൽഡിഎഫ്. വന്നേ തിരു ഭാരത മണ്ണിൽ ചെങ്കൊടി.. വന്നേ തീരു ഭാരത മണ്ണിൽ വന്നേ നിന്നെ തീരു നമ്മുടെ നെഞ്ചിൽ മതസൗഹർദ്ധചിന്തകൾ... ഭാരതമൊരു പൗരനുമൊരുപോൽ തുടരാനായി പകലിരവില്ല. ഇടതിൻ ചെങ്കൊടി. അതിനു എൽഡിഎഫ് ജയിക്കേണം-ഇതാണ് വിപ്ലവ ഗാന രീതിയിൽ ശോഭനാ ജോർജ് പകർന്ന് നൽകുന്ന സന്ദേശം.

എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമായി റീൽസ് രൂപത്തിലാണ് വീഡിയോ തയ്യാറാക്കിയത്. ഔഷധി ചെയർപേഴ്‌സണാണ് ശോഭനാ ജോർജ്. കുടുംബാംഗങ്ങൾക്കൊപ്പം തയ്യാറാക്കിയ റീൽസ് തൃശൂർ പ്രസ് ക്ലബിൽ പ്രകാശനം ചെയ്തു. ഇതിന് പിന്നാലെ റീൽസ് വൈറലാകുകയായിരുന്നു. സ്വാതന്ത്ര്യത്തോടെ അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈ മണ്ണിൽ ജീവിക്കാൻ എൽഡിഎഫിന് വോട്ട് ചെയ്യാനാണ് റീൽസിൽ ശോഭനാ ജോർജ് ആഹ്വാനം ചെയ്തത്. എൽഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രങ്ങളും റീൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസിൽനിന്ന് വിട്ടുപോരുന്നവർ കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നത്. കോൺഗ്രസിനോടല്ല, നേതൃത്വത്തോടുള്ള പ്രശ്‌നങ്ങളിലാണ് ഇങ്ങനെ തീരുമാനമെടുക്കേണ്ടിവരുന്നത്. പത്മജയുടെ വിഷയത്തിൽ അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യമാകാം ചെയ്തത്. ഇടതുപക്ഷത്ത് സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്നുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നു പറഞ്ഞ ശോഭന പുതിയ തലമുറ കടന്നുവരണമെന്നും കൂട്ടിച്ചേർത്തു. ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ റീൽസിന്റെ പ്രകാശനം നിർവ്വഹിച്ച് ശോഭനാ ജോർജ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ചെങ്ങന്നൂർ മുൻ എംഎൽഎയായ ശോഭനാ ജോർജ് ഇടതിലേക്ക് ചുവടു മാറ്റിയിട്ട് കാലമേറെയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഖാദി ബോർഡിന്റെ ചുമതല നൽകി. അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തവണ ഔഷധിയാണ് ശോഭനാ ജോർജിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)