- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗത്തിൽ വിവാദം
കോഴിക്കോട്: സമസ്ത സംഘടനക്കുള്ളിൽ കടുത്ത ആശയക്കുഴപ്പങ്ങളാണ് കുറച്ചുകാലങ്ങളായി നിൽക്കുന്നത്. ഈ അസ്വസ്ഥതകൾ പലവിധത്ിതൽ പുറത്തു വരുന്നുണ്ട്. ഇതിനിടെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മലപ്പുറം എടവണ്ണപ്പാറയിൽ നടത്തിയ പ്രസംഗം വിവാദത്തിലായി. പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗമാണ് ചർച്ചകൾക്ക് വഴിവച്ചത്.
പ്രസംഗത്തിനെതിരെ വിമർശനം ശക്തമായതോടെ റഷീദ് ഫൈസി വിശദീകരണവുമായി രംഗത്തെത്തി. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചു എന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആദർശത്തെ തകർക്കാൻ ഒരു തറവാടിനും നേതൃത്വത്തിനും കഴിയില്ല എന്നായിരുന്നു റഷീദ് ഫൈസിയുടെ പ്രസംഗം. തറവാട് എന്ന പ്രയോഗം അദ്ദേഹം രണ്ടു തവണ ഉപയോഗിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഈ പ്രയോഗമാണ് വിവാദമായത്.
'ഒരു ഭരണാധികാരികൾക്കും ഒരു തമ്പുരാക്കന്മാർക്കും ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തകർത്ത് തരിപ്പണമാക്കാൻ കഴിയുകയില്ല എന്ന് പരിശുദ്ധ ഖുർആൻ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ ഒരു തറവാടൊന്നുമില്ല. അങ്ങനെ ഒരു നേതൃത്വമൊന്നുമില്ല. ഹഖായ മാർഗത്തിന്റെ വഴിയിൽ അടിയുറച്ചു നിന്നു മുന്നോട്ടു പോകലാണ് നമ്മുടെ ഉത്തരവാദിത്വം. ആ വഴിയാണ് നമ്മൾ അവലംബിക്കേണ്ടത്.' - അദ്ദേഹം പറഞ്ഞു.
ജാമിഅ നൂരിയ സമ്മേളത്തിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള യുവ നേതാക്കൾക്ക് അവസരം കിട്ടാത്ത സംഭവവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. 'നമ്മൾ ആരുടെയെങ്കിലും ഭീഷണിക്ക് മുമ്പിൽ പതറുന്നവരല്ല, പതറേണ്ടവരല്ല. ഇതിനേക്കാൾ വലിയ ഭീഷണികളൊക്കെ പണ്ട് കഴിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ഒറ്റപ്പെടുത്തൽ കൊണ്ടോ പേരു വെട്ടൽ കൊണ്ടോ ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ഒറ്റപ്പെടുത്തി അക്രമിക്കുന്നതു കൊണ്ടോ ഈ പ്രിയപ്പെട്ട പ്രസ്ഥാനം തകരുകയില്ല.'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായതോടെ വിശദീകരണ കുറിപ്പുമായി റഷീദ് ഫൈസി രംഗത്തുവന്നത്. പാണക്കാട് കുടുംബത്തോട് ആദരവും ബഹുമാനവും സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന കുറിപ്പുമായി റഷീദ് ഫൈസി രംഗത്തെത്തി. തന്റെ പരാമർശം വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എന്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞു.
ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുർആൻ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ തറവാട് എന്ന പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമർശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. എന്റെ പരാമർശത്തിൽ ആർക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് സംബന്ധമായ ചർച്ചകളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.'- എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ ഒരു വിഭാഗം നേതാക്കളെ ഔദ്യോഗിക പരിപാടികളിൽനിന്ന് മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ വിവാദ പ്രസംഗം. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ പിന്തുണയ്ക്കുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, ഉമർ ഫൈസി മുക്കം, റശീദ് ഫൈസി തുടങ്ങിയവരെയൊന്നും സമ്മേളനത്തിന്റെ ഒരു സെഷനിലേക്കും ക്ഷണിച്ചിരുന്നില്ല.