- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ലെന്ന് ജിഫ്രി തങ്ങൾ
മലപ്പുറം: യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയ ലീഗ് പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടും വിവാദം തീരുന്നില്ല. പരാതിയിൽ പറയുന്ന റാഫി പുതിയകടവാണ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഇയാൾക്കെതിരെ ജാമ്യം നൽകാവുന്ന വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നിൽ ലീഗ് നേതൃത്വത്തിലെ ഉന്നതൻ ഇടപെട്ടുവെന്നാണ് സമസ്തയിലെ ഒരു വിഭാഗം കരുതുന്നത്.
പാർട്ടി, സമുദായ നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ടുപോയാൽ വീൽചെയറിൽ പോകേണ്ടിവരുമെന്നാണ് ഭീഷണി. മുഈൻ അലി തങ്ങളുടെ പരാതിയിൽ ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിലിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരമാണ് കേസ്. ശക്തമായ വകുപ്പുകളൊന്നും ചേർത്തില്ല. ഇതോടെയാണ് പ്രതി പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്. നേരത്തേയും മുഈൻ അലി തങ്ങളെ പൊതു സമൂഹത്തിൽ ഇയാൾ അപകീർത്തി പെടുത്തിയിരുന്നു. ഈ ഗൗരവം കേസിൽ പൊലീസ് നൽകിയില്ല.
അതിനിടെ മുഈനലി തങ്ങൾ വിഷയത്തിലും സമസ്തയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിലും പ്രതികരണവുമായി സമസ്ത കേരള ജംഇയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തു വന്നു. മുസ്ലിം ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുകയാണെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനക്ക് സമസ്തയെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നാണ് തങ്ങൾ പ്രതികരിച്ചത്. ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുന്നതായി അറിയില്ല. മന്ത്രിയുടെ പ്രസ്താവനയിൽ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
സമസ്തയിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നില്ല. സംഘടനയെ ഉയർത്താനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആവേശഭരിതമായ പ്രവർത്തനമാണിത്. എന്നാൽ, ചിലർക്ക് ഇത് വിഭാഗീയ പ്രവർത്തനമായാണ് തോന്നുകയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അടക്കം ആർക്കും വധഭീഷണി ഉണ്ടാവാൻ പാടില്ല. ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടി വരും. സമൂഹ മാധ്യമങ്ങളെ വിട്ടുകളയണമെന്നും അതിൽ ആർക്കും യാതൊരു നിയന്ത്രണവുമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. കരുതലോടെ പ്രതികരിക്കുമ്പോഴും മുഈനലി തങ്ങൾക്കെതിരായ നീക്കങ്ങൾ സമസ്തയെ വേദനിപ്പിക്കുന്നുവെന്ന് കൂടി പറയുകയാണ് ജിഫ്രി തങ്ങൾ.
കഴിഞ്ഞദിവസം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ മുഈൻ അലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു. നേരത്തേ, ലീഗ് മുഖപത്രമായ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും നേതൃത്വത്തിനെതിരെ രംഗത്തെത്തി. 2021ൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ മുഈൻ അലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചപ്പോൾ റാഫി പുതിയകടവിൽ അസഭ്യവർഷവുമായി പാഞ്ഞടുക്കുകയും വാർത്താസമ്മേളനം തടസ്സപ്പെടുത്തുകയുംചെയ്തിരുന്നു. തുടർന്ന് റാഫിയെ ലീഗിൽനിന്ന് പുറത്താക്കി.
എന്നാൽ, താമസിയാതെ വീണ്ടും സജീവമായി. മുഈൻ അലിക്കുനേരെയുള്ള ഭീഷണിയിൽ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് മലപ്പുറത്ത് പ്രകടനം നടത്തി. എന്നാൽ ഇപ്പോഴും റാഫി പാർട്ടിക്ക് പുറത്താണെന്നാണ് ലീഗ് ഔദ്യോഗിക വിശദീകരണം. റാഫി പുതിയകടവ് മലപ്പുറം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സംഭവത്തിൽ മാപ്പപേക്ഷിച്ച് റാഫി നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോയാൽ വീൽചെയറിലാക്കുമെന്നായിരുന്നു മുഈനലി തങ്ങൾക്കെതിരേ റാഫി പുതിയ കടവിന്റെ ഭീഷണി സന്ദേശം. ഇനി പുറത്തിറങ്ങാനാകില്ലെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. തുടർന്ന് മുഈനലി തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തു.
നേരത്തെ സംഭവത്തിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. കുറ്റവാളിക്കെതിരേ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽനിന്ന് നേരത്തേ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ടെന്നും സലാം വ്യക്തമാക്കി.