കോഴിക്കോട്: കോൺഗ്രസ്-മാർക്‌സിസ്റ്റ് പാർട്ടി അന്തർധാര സജീവമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ ഉൾപ്പെടെ ഏഴ് എൻഡിഎ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇരു കൂട്ടരും ഇതുവരെ കേരളത്തിൽ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തർധാര സജീവമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരു കൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം.

''സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഈ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം കോൺഗ്രസും സിപിഎമ്മും ഒന്നായി ചേർന്ന് ഇതുവരെ മത്സരിച്ചിട്ടില്ല എന്നേയുള്ളൂ. എല്ലാ മേഖലകളിലും ഇവർ തമ്മിൽ സൗഹൃദമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും അഞ്ച് വർഷം മുൻപ് ഏഴു നിയമസഭാ സീറ്റുകളിൽ ഞാൻ ഉൾപ്പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണ്. അന്ന് ഇരു കൂട്ടരും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, കേരള നിയമസഭയ്ക്കുള്ളിൽ പല കാര്യങ്ങളും ഉന്നയിക്കാൻ ഞാൻ ഉൾപ്പെടെ എന്റെ ഏഴ് സഹപ്രവർത്തകർക്ക് പോകാൻ സാധിക്കുമായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഈ അന്തർധാരയെ പൊളിക്കുന്ന കാലം വരും. ഈ മുഖംമൂടി വച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാൻ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ല.' ശോഭ സുരേന്ദ്രൻ പറഞ്ഞു.

രാത്രികാലങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശോഭ മറുപടി നൽകി. പിണറായി വിജയനെ കൊതുകു കടിക്കുന്നുണ്ടോ എന്നു നോക്കി അതു പെറുക്കിക്കൊടുക്കാൻ അദ്ദേഹത്തിന്റെ കാലിനടിയിലാണോ വി.ഡി.സതീശൻ ഉറങ്ങാറുള്ളത്? അങ്ങനെയാണെങ്കിൽ പിണറായിയുടെ കാലു പിടിക്കാൻ സുരേന്ദ്രൻ ചെന്നത് സതീശൻ കണ്ടിട്ടുണ്ടാകും. ഇവിടെ എന്താണ് നടക്കുന്നത് എന്നത് സതീശന് അറിയില്ല. അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഈ ക്യാമറ കേസിൽ കുടുംബക്കാരെ ഒന്നടങ്കം അകത്താക്കാമായിരുന്നല്ലോ. ഈ ഒറ്റക്കാര്യം മതിയായിരുന്നല്ലോ. ചില കേസുകൾ വരുമ്പോൾ ഇഡി വരണമെന്നും, ചില കേസുകൾ അന്വേഷിക്കാൻ സിബിഐ വേണമെന്നും ചില കേസുകൾ വരുന്ന സമയത്ത് ഇതൊന്നും വേണ്ടെന്നുമാണ് ഇവരുടെ നിലപാട്.' ശോഭ ചൂണ്ടിക്കാട്ടി.