- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസപ്പടി വിവാദത്തിൽ വീണ വിജയൻ ജയിലിൽ പോവേണ്ടി വരും; മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും; മകളുടെ കമ്പനിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ജയിലിൽ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാർ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് കോഴിക്കോട് കലക്ടറേറ്റിനുമുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.
'അമ്മത്തൊട്ടിൽ' സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ 'അച്ഛൻതൊട്ടിൽ' സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകൾ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകൾ വീണയോട് 'മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം' എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്.'-ശോഭാ സുരേന്ദ്രൻ പറഞ്ഞു.
'കാര്യങ്ങൾ വിശദീകരിക്കാൻ എംവി ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചാലും താൻ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എംവിഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കഴിവുള്ള അനേകം പേർ ഇരുന്നതാണ്. അതിൽനിന്ന് എംവി ഗോവിന്ദൻ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ശാപം.'
'ധനാഢ്യന്മാർക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യിൽ വയ്ക്കാൻ അനുമതി കൊടുത്തതിൽ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാൻ രഹസ്യ ചർച്ച നടത്തി. ഇവരുടെ ചർച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാൻ പാവപ്പെട്ടവർ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പാണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാർട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്.'
'കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെകെ ശൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂർ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കൾ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാൽ കാനം ഭയപ്പെടുന്നതെന്തിനാണ്?'-ശോഭാ സുരേന്ദ്രൻ ചോദിച്ചു.




