- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു; മാധ്യമ പ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; കരുവന്നൂർ വിഷയം ഉയർത്തിയതിനാണ് സിപിഎം ഗൂഢാലോചന; പിന്തുണയുമായി ശോഭ സുരേന്ദ്രൻ
കോഴിക്കോട്: സുരേഷ് ഗോപിക്ക് എതിരെയുള്ള മാധ്യമ പ്രവർത്തകയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സംഭവത്തിൽ മാധ്യമപ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ഗൂഢാലോചനയാണെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവൽകരിക്കുകയാണ്. രണ്ട് ചോദ്യം ചോദിച്ചപ്പോഴും മാധ്യമ പ്രവർത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹം തന്നെയാണ്. അവർ തന്റേയും സുഹൃത്താണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
''സുരേഷ് ഗോപി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും അദ്ദേഹത്തെയും ക്രൂരമായി തേജോവധം ചെയ്യുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്. കേരളത്തിലെ പൊതുസമൂഹം സുരേഷ് ഗോപിക്കൊപ്പം നിൽക്കും. സുരേഷ് ഗോപി മാപ്പുപറയണം എന്നായിരുന്നല്ലോ ആവശ്യം. സുരേഷ് ഗോപി മാപ്പു പറഞ്ഞതിനു ശേഷവും ഇത്തരത്തിൽ ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്.
ഇതു സംബന്ധിച്ച് അടച്ചിട്ട മുറിക്കകത്ത് എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് തങ്ങൾക്കു പറഞ്ഞുതരുന്ന സഖാക്കളുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും കൂടെയുള്ളവരും മറക്കരുത്. സ്ത്രീപീഡനത്തിനെതിരായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ വനിതാ കമ്മിഷൻ അടക്കമുള്ളവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.'' ശോഭ സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തെ രാഷ്ട്രീയവത്കരിച്ച് ചിലർ സുരേഷ് ഗോപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ''രണ്ടു ചോദ്യമാണ് മാധ്യമപ്രവർത്തക സുരേഷ് ഗോപിയോട് ചോദിച്ചത്. അപ്പോഴെല്ലാം അവരുടെ മുഖത്ത് സ്‌നേഹവും വാത്സല്യവുമാണ് ഉണ്ടായിരുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വനിതാ രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിന്റെ വിഷ്വൽ കണ്ടു. മാനസിക ബുദ്ധിമുട്ടുണ്ടായതിന്റെ പശ്ചാത്തലത്തിൽ പരാതി നൽകുന്നതായി റിപ്പോർട്ടു വന്നു. സുരേഷ് ഗോപി ക്ഷമ ചോദിച്ചു. അതിനു ശേഷം ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിച്ചു.'' ശോഭാ സുരേന്ദ്രൻ പറഞ്ഞു.
'മാധ്യമ സുഹൃത്തുക്കൾ വരുമ്പോൾ സ്ത്രീയുടേയും പുരുഷന്റേയും മുഖം തിരഞ്ഞുനോക്കി മാത്രമേ സ്നേഹിക്കാൻ പാടുള്ളൂവെന്ന് സഹോദരൻ എന്ന നിലയിൽ സുരേഷ് ഗോപിയോട് ഞാൻ പറയാം. കേരളത്തിൽ ആരോരും ഇല്ലാത്ത, അനാഥത്വം സൃഷ്ടിക്കപ്പെട്ട പെൺകുട്ടിയേയും അമ്മയേയും കൈപിടിച്ച് സ്വീകരിച്ചുകൊണ്ട്, അവർക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുന്ന അച്ഛനെപ്പോലെ കരുതുന്ന നിങ്ങൾ എല്ലാവരുടേയും മനസിൽ അങ്ങനെയല്ലെന്ന് പറഞ്ഞുകൊടുക്കാം. മാപ്പ് പറഞ്ഞ ശേഷവും മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം അദ്ദേഹത്തെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും പെൺകുട്ടികളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സ്ത്രീ സുരക്ഷാ നിയമങ്ങൾ സ്ത്രീയെ സംരക്ഷിക്കാനുള്ളതാണ്. എന്നാൽ രാഷ്ട്രീയപരമായ ഗൂഢാലോചന നടത്തിക്കൊണ്ട് സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തേജോവധം ചെയ്യുന്നതാണ് അംഗീകരിക്കാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കരുവന്നൂരിൽ രണ്ടു സ്ത്രീകളെ മാത്രം പ്രതിയാക്കി ജയിലിലടച്ച് കേസ് കെട്ടിപ്പൂട്ടുകയാണ് സിപിഎം ചെയ്തത്. 18 കിലോമീറ്റർ പദയാത്ര നടത്തുകയും ഇരകളുടെ വീടുകളിലെത്തി അമ്മമാരുടെ സങ്കടം കേൾക്കുകയും കേസ് വീണ്ടും അന്വേഷണപരിധിയിലെത്തിക്കുകയും ചെയ്തത് സുരേഷ് ഗോപിയാണ്. അദ്ദേഹത്തിനെതിരെ സിപിഎം ഗൂഢാലോചന നടത്തുന്നത് ഇതുകൊണ്ടാണ്. വിഷമങ്ങളനുഭവിക്കുന്ന അനേകം അമ്മമാരും സഹോദരിമാരും സുരേഷ്‌ഗോപിയെ നേരിട്ടുകണ്ട് കെട്ടിപ്പിടിച്ചുകരയുന്നത് കേരളത്തിലെ എല്ലാവർക്കുമറിയാം. എന്നാൽ ഇതിനെ ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയെ താൻ തൊട്ടതെന്ന് സുരേഷ് ഗോപി വിശദീകരിച്ചിട്ടുണ്ട്. പുറത്തുള്ള എല്ലാവരും സുരേഷ് ഗോപിയെ അതേ രീതിയിൽ കരുതുമെന്ന് വിചാരിക്കരുതെന്ന് താനടക്കമുള്ള നേതാക്കൾ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ സംഭവത്തിനുശേഷം വടക്കഞ്ചേരിയിലെ ഒരു സിപിഎം പ്രവർത്തകൻ രാത്രി ദുരൂഹസാഹചര്യത്തിൽ മരിച്ചു. വാഹനമിടിച്ചാണ് മരിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ വണ്ടി കണ്ടെത്താനോ അറസ്റ്റുചെയ്യാനോ സിപിഎം ഒരുനിലപാടുമെടുത്തില്ല. ഇടിച്ച വണ്ടി കണ്ടെത്തി നിയമനടപടി വേണമെന്ന് സിപിഎം ലോക്കൽകമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നെങ്കിലും ഇക്കാര്യം പുറത്തൊരാളും അറിയാതെ സൂക്ഷിക്കാനാണ് പാർട്ടി ശ്രമിച്ചത്. നീതി ലഭിക്കാൻ കൂടെ നിൽക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകനാണ് തന്നെ വന്നുകണ്ടത്. മരിച്ചയാളുടെ വീട്ടിലേക്കുള്ള വഴി കാണിച്ചുതന്നതും പാർട്ടി പ്രവർത്തകരാണ്. തന്റെ കൂടെ ആ വീട്ടിലേക്കു വന്നാൽ പാർട്ടി നടപടിയെടുക്കുമെന്ന ഭയമുള്ളതുകൊണ്ട് അവർ വീട്ടിലേക്കുകയറാതെ വഴിയിൽ കാത്തുനിന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.




